തിരുവനന്തപുരം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാർ ഒപ്പു വെച്ചതിനു ശേഷം യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ സംവിധായകയുടേയും സഹായിയുടേയും ജാമ്യഹര്‍ജി തള്ളി കോടതി. കോട്ടയം വൈക്കം എന്‍ഇ വാര്‍ഡ് സ്വദേശി ശ്രീല പി മണി എന്ന ലക്ഷ്മി ദീപ്തിയും അവരുടെ സഹായി പാറശ്ശാല മുരിയങ്കര സ്വദേശി ആര്യനന്ദ ക്രിയേഷന് സി.ഇ.ഒ. യുമായ എബിസണ്‍ എന്നിവരുടെ മുൻകൂർ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.
ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജി തള്ളിയത്.പ്രതികൾ യുവതിയിൽനിന്ന് ഒപ്പിട്ട് വാങ്ങിയ കരാർ പത്രം കണ്ടെത്തുകയും സിനിമയിലെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പരിശോധിക്കുകയും വേണം. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം.
ഇതിനായി പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. സിനിമയിലെ നഗ്ന ചിത്രങ്ങള്‍ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അതിന് തയ്യാറായിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, വിനു മുരളി എന്നിവർ ഹാജരായി.
Discussion about this post