പത്തനംതിട്ട : സർക്കാർ ജീവനക്കാരി ചമഞ്ഞ് വ്യാജരേഖകൾ ചമച്ച് ഹൈക്കോടതിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ യുവതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണയാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതിക്കാരൻ. ഹൈക്കോടതി സ്റ്റെനോഗ്രാഫർ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണിൽ വിളിച്ചു ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ശരിയാക്കാം എന്ന് പറഞ്ഞു
വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നേരിട്ടും പുല്ലാട് കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ വഴിയും ആകെ 5,95,250 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പരാതിക്കാരന്റെ സുഹൃത്തുക്കൾക്ക് ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തും പണം കബളിപ്പിച്ചിരുന്നു. നേരത്തെ കേസിൽ ജാമ്യമെടുത്തശേഷം മുങ്ങിയ യുവതിയെ വാറന്റിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ വാടക വീട്ടിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ആവശ്യപ്പെട്ട യുവാവിന് 6 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകിയും, ജോലിയിൽ
നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകൾ വാട്സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു എന്ന് പോലീസ് പറഞ്ഞു. കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ആദ്യം പ്രതിയെ പിടികൂടിയത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി ജാമ്യമെടുത്ത ശേഷം ഒളിവിൽ പോവുകയാണുണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ അനൂപ്, പോലീസുദ്യോഗസ്ഥരായ എം എ ഷെബി, സുജിത്, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Discussion about this post