പയ്യോളി: മതിയായ നഷ്ട പരിഹാരം ലഭിക്കാതെ കട ഒഴിഞ്ഞുപോകില്ലെന്ന തീരുമാനത്തിലുറച്ച് നിൽക്കുകയാണ് പയ്യാേളിയിലെ വ്യാപാരി സമൂഹം.
എൽ എ എൻഎച്ച് ഡെപ്യൂട്ടി കലക്ടർ പി എസ് ലാൽ ചന്ദിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പയ്യോളിയിലെത്തിയപ്പോഴാണ് വ്യാപാരികൾ തങ്ങളുടെ തീരുമാനം അറിയിച്ചത്.
തിങ്കളാഴ്ച കടകൾ ഒഴിയണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർ നേരത്തേ വ്യാപാരികൾക്ക് നൽകിയിരുന്നു. ഇത് നടപ്പാക്കാനായാണ് ഇന്ന് പതിനൊന്ന് മണിയോടെ ഉദ്യോഗസ്ഥരെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ തർക്കമായി.
ഏറെ സമയം തർക്കം തുടർന്നതോടെ ഉദ്യോഗസ്ഥർ, 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന വാക്കാലുള്ള നിർദ്ദേശം നൽകി തിരിച്ചു പോവുകയായിരുന്നു.
കടകൾ ഒഴിപ്പിക്കുന്നതിന് മുമ്പേ വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യമെന്ന് പ്രസിഡണ്ട് കെ പി റാണാ പ്രതാപ് പ്രതികരിച്ചു.വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഡെപ്യുട്ടി കലക്ടർ ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി പി കെ റിഗേഷ്, ട്രഷറർ ടി വീരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡണ്ട് എം ഫൈസൽ, ജില്ലാ സെക്രട്ടറി കെ ടി വിനോദൻ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡണ്ട് റയീസ് മലയിൽ, യൂത്ത് വിംഗ് സംസ്ഥാന സമിതിയംഗം എ സി സുനൈദ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരികൾ ഉദ്യോഗസ്ഥരെ തടഞ്ഞത്.
പയ്യോളിയിലെ വ്യാപാരികൾക്ക് കട ഒഴിയാനുള്ള അവസാന ദിവസമാണ് ഇന്നെന്നും, എതിർപ്പുകളുയർന്നതിനെ തുടർന്ന് 24 മണിക്കൂർ സമയം കൂടി വാക്കാൽ അനുവദിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. വ്യാപാരികൾക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടുള്ള പ്രൊപ്പോസൽ സമർപ്പിച്ചു കഴിഞ്ഞതാണെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പയ്യോളി വാർത്തകളോട് പ്രതികരിച്ചു.
കടകൾ ഒഴിയാൻ താമസിക്കുന്നത് കോൺട്രാക്ടർക്കടക്കം നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡെ. കലക്ടറുടെ സംഘത്തിൽ സ്പെഷ്യൽ തഹസിൽദാർ സി ശ്രീകുമാർ, ജൂനിയർ സൂപ്രണ്ട് കെ അനിൽകുമാർ, റവന്യൂ ഇൻസ്പെക്ടർ വി ടി ഉമേഷ്, കെ കെ ഹരിപ്രസാദ്, സർവേയർ ശ്രീനാഥ്, പ്രകാശൻ എന്നീ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
Discussion about this post