തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദൻറെ വിവാദ പരാമർശത്തെ തുടർന്ന് ഉമ്മൻചാണ്ടി നൽകിയ മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ. ഉമ്മൻചാണ്ടിക്ക് 10.10 ലക്ഷം രൂപ വി എസ് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതിയുടെ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
ജനുവരി 22നാണ് സബ് കോടതി പിഴ വിധിച്ച് ഉത്തരവിട്ടത്. 2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരെയുള്ള വിഎസിന്റെ ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സോളാർ കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അന്യായം നൽകിയ ദിവസം മുതൽ 6 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി വിധിച്ചത്. ഈ ഉത്തരവാണ് ജില്ലാ കോടതി സ്റ്റേ ചെയ്തത്.
Discussion about this post