ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്. കേസിൽ കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് വിസ്മയ ശാരീരിക, മാനസിക പീഡനത്തിന് ഇരയായി എന്നതിന്റെ തെളിവ് പുറത്ത് വന്നത്.
“കിരണ്‍ ക്രൂരമായി മര്‍ദിക്കുന്നുവെന്നും അവഹേളിക്കുന്നുവെന്നും പിതാവിനോട് കരഞ്ഞുകൊണ്ട് ഫോണില്‍ വിളിച്ചു പറയുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കിരണിനൊപ്പം നില്‍ക്കാനാകില്ലെന്നും ,സഹിക്കാനാകില്ലെന്നും വിസ്മയ പറയുന്നുണ്ട്.”
തനിക്ക് ഇവിടെ തുടരാനാകില്ലെന്നും, ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്നും വിസ്മയ പിതാവിനോട് പറയുന്നു. ഇവിടെ നിർത്തിയാൽ അച്ഛന് ഇനി തന്നെ കാണാൻ സാധിക്കില്ല. തന്നെ കൊണ്ട് പറ്റുന്നില്ല ഇവിടെ തുടരാൻ. ഇവിടെ നിൽക്കാൻ പേടിയാണ്. തന്നെ അടിക്കും. തന്നെ തല്ലിയിരുന്നു. ഇവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. ഇവിടെ തുടരാൻ പേടിയാണെന്നും വിസ്മയ പിതാവിനോട് പറയുന്നുണ്ട്.
തല്ലിയത് നേരത്തെയല്ലേയെന്നും വീട്ടിലേക്ക് വരാനും പിതാവും പറയുന്നുണ്ട്. ഇവിടേക്ക് വരൂ. കുഴപ്പമില്ല. ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണെന്നും പിതാവ് ഇതിന് മറുപടി നൽകുന്നുമുണ്ട്.
Discussion about this post