ഉച്ചാലുച്ചയ്ക്ക് വെള്ളരി നട്ടാൽ വിഷുവുച്ചയ്ക്ക് വിളവെടുക്കാം’ എന്നൊരു നാട്ടുമൊഴിയുണ്ട്! വിഷുവിന്റെ ഓർമ കണിവെള്ളരിയുടെ ഓർമയാണ്. അയനിക്കാട്ടെ പൂക്കോട്ടു കുനി വയലിൽ, മൂത്ത് പാകമെത്തിയ വെള്ളരിയ്ക്ക വിളവെടുക്കുന്നതാണ് ഓർമ്മയിലെ വിഷു!
കരി മരുന്ന് പണിയെടുക്കുന്ന ധാരാളം ആളുകളുള്ള ദേശമായതിനാൽ ഓരോ കൊല്ലവും ഉണ്ടാക്കുന്ന ധാരാളം പടക്കങ്ങൾ, പൂത്തിരി, ഇളന്നീപ്പൂ, വർണ്ണ മത്താപ്പൂക്കൾ എന്നിവയൊക്കെ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. അങ്ങനെ പ്രകാശം നിറഭേദങ്ങൾ തീർക്കുന്ന
നിലാവുള്ള രാത്രികളും വിഷു സ്മരണയായി നിറയുന്നു! കൊയ്ത്തൊഴിഞ്ഞ് വരണ്ടുണങ്ങിയ വയലിന് നടുവിലായി ഇരിങ്ങൽ ഭജനമഠത്തിന് മുന്നിൽ കെട്ടിയുയർത്തിയ സ്റ്റേജിലെ കലാ പരിപാടികൾ, പെരുമാളപുറത്തൂട്ട് ഉത്സവം, പാലേരിമുക്കിലെ വാർഷിക വിഷു പരിപാടികൾ എന്നിങ്ങനെ മേടാരംഭത്തിലെ വിഷുവുമായി ബന്ധപ്പെട്ട സുഖദ സ്മരണകൾ ഒരുപാടുണ്ട്!
വിഷു എന്നാൽ തുല്യമായത് എന്നാണർത്ഥം!ദിനരാത്രങ്ങൾ സമമായി വരുന്ന മേടമാസത്തിലെ ആരംഭ ദിനമാണ് വിഷു! ദക്ഷിണ കേരളത്തിൽ ഒരു ദിവസം മാത്രമായാണ് വിഷു കൊണ്ടാടുന്നതെങ്കിൽ കേരളത്തിന്റെ ഉത്തര മധ്യദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായാണ് വിഷു ആഘോഷിക്കുന്നത്. കണിവെയ്ക്കുകയും കൈനീട്ടം
വാങ്ങുകയും ചെയ്യുകയെന്ന കേവല ചടങ്ങ് മാത്രമേ തെക്കൻ കേരളത്തിൽ വിഷുവുമായി ബന്ധപ്പെട്ടുള്ളൂ. എന്നാൽ മറ്റു ഭാഗങ്ങളിൽ സദ്യയൊരുക്കിയും, പൂത്തിരി കത്തിച്ചും, പടക്കങ്ങൾ പൊട്ടിച്ചും ആഹ്ളാദാരാവങ്ങളോടെ കൊണ്ടാടുന്ന വേനൽകാല ആഘോഷമാണ് വിഷു.
കുട്ടികൾക്ക് ഓണത്തോളമോ, അതിനേക്കാളല്പം കൂടുതലോ ആയി അവരിഷ്ടപ്പെടുന്ന ആഘോഷമാണ് വിഷു. കണിക്ക് പുറമെ കൈനീട്ടവും, കോടിയുടുപ്പുകളും, പടക്കവും കൈനിറയെ കിട്ടുമെന്നതിനു പുറമെ സ്കൂൾ അവധിക്കാലമായതിനാൽ ബാധ്യതകളൊഴിഞ്ഞ വേനലവധിയുടെ ആനുകൂല്യം കൂടി വിഷു അവർക്ക് സമ്മാനിക്കുന്നു. മാങ്ങ, ചക്ക തുടങ്ങിയ ഫലങ്ങൾ പാകമാകുന്ന കാലം കൂടിയാണ് വിഷു. കണിത്താലത്തിൽ നിറദീപത്തിന്റെ പൊൻ വെളിച്ചത്തിൽ കണിക്കൊന്നയും, വെള്ളരിക്കയും, ചക്കയും, മാങ്ങയും, വെറ്റിലയും, അടയ്ക്കയും ഉൾപ്പെടെയുള്ള വിളവുകളും, കണ്ണാടിയും, കോടിയും, നാണ്യവും ഉൾപ്പെടെയുള്ളവയും ഒരുക്കി വെച്ച് കൺതുറന്ന് കാണുന്ന സമൃദ്ധിയുടെ കണി, വരും കാല വറുതികളെ വകഞ്ഞു മാറ്റി പ്രതീക്ഷകളുടെ നാളെകളെ സ്വപനം കാണാൻ മലയാളിയെ പഠിപ്പിക്കുന്നു!
വിഷുക്കണി പീത ശോഭയാണ് പ്രദാനം ചെയ്യുന്നത്.,ശ്രീ നാരായണനെ ആവേശിച്ച സമതയുടെ നിറം! കൈനീട്ടം വരുന്നൊരു വർഷത്തേയ്ക്കുള്ള ശുഭ സൂചനയായി ഗ്രാമീണർ കരുതി പോരുന്നു. കൃഷിയും വിളവും പ്രതീക്ഷയും ഒക്കെയുമായി നാഭീനാള ബന്ധമുള്ളതാണ് മലയാളിക്ക് വിഷു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്,ഇഷ്ടപ്പെട്ട വസ്ത്രവും ധരിച്ച് ഒന്നു ചേർന്ന് മലയാളി ആഘോഷമാക്കുന്ന വിഷു ഒരുമയുടെ പൊൻതിരി തെളിക്കുന്ന ആഘോഷമാണ്.
മനസാ അകമേ സമൃദ്ധവും, പുറമെ ഒട്ടൊക്കെ പ്രാരബ്ധ പൂർണ്ണവുമായ വിഷു ഓർമകളായിരിക്കും പഴയ കാലത്തെ ആളുകൾക്ക് ഓർമ്മയിൽ ഉണ്ടാവുക. കാലങ്ങൾ പിന്നിടവേ നമ്മുടെ നാട് ഒരു പാട് മാറി! പട്ടിണിയകന്ന, വൈദ്യുതി എത്തിയ, വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമായ, അതി ദാരിദ്ര്യം ഒട്ടൊക്കെ വിട്ടൊഴിഞ്ഞ പരിഷ്കൃത സമൂഹമായി നാം വളരുന്നു! ഇതിനിടയിലും അനഭിലഷണീയങ്ങളായ പലവിധ പ്രവണതകൾ തെഴുത്ത് പടരുന്ന യഥാർഥ്യവും നമുക്ക് തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കേണ്ടതുണ്ട്!
അതിനായുള്ള തിരിച്ചറിവുകൾക്ക് കൂടി നമുക്ക് കണിയൊരുക്കാം!
ഇക്കുറി വിഷുവും ഈസ്റ്ററും പെരുന്നാളും സമകാലികമായി വരുന്നുവെന്ന പ്രത്യേകതയുണ്ട്!
എല്ലാവർക്കും വിഷു ആശംസകൾ….
Discussion about this post