പയ്യോളി: വിഷുവിന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അഭൂതപൂർവമായ തിരക്ക്. വിഷു തകർത്താതാഘോഷിച്ച് ജനം. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈയടുത്ത കാലത്തൊന്നും കാണാത്തയത്ര തിരക്കായിരുന്നു. പലയിടത്തും ഗതാഗത തടസ്സവും വാക്ക് തർക്കവുമുണ്ടായി.

കാപ്പാട്, കൊല്ലം പാറപ്പള്ളി, ഉരു പുണ്യ കാവ്, തിക്കോടി കല്ലകത്ത് ബീച്ച്, പയ്യോളി, അയനിക്കാട്, കൊളാവിപ്പാലം, കോട്ടക്കടപ്പുറം അഴിമുഖം (മിനി ഗോവ), വടകര സാൻ്റ് ബാങ്ക്സ്, പുറക്കാട് കെട്ടുമ്മൽ അകലാപ്പുഴ, സർഗാലയ തുടങ്ങിയയിടങ്ങളിൽ തിരക്കനുഭവപ്പെട്ടു.

സംസ്ഥാനത്തെ രണ്ടാമത്തെ ഡ്രൈവ് ഇൻ ബീച്ച് ആയ തിക്കോടി കല്ലകത്ത് തീരത്ത് വൻ ജനാവലിയായിരുന്നു സന്ദർശനത്തിനെത്തിയത്. തീരത്തെ താത്കാലിക കടകളിൽ കാര്യമായ കച്ചവടവും നടന്നു. ആളുകളുടെ തളളിക്കയറ്റവും ഇരുചക്ര, നാലു ചക്രവാഹനങ്ങളുടെ ആധിക്യം പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കി. കല്ലകത്ത് തിരക്ക് മുതലെടുത്ത് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ അനധികൃത ബോട്ട് സർവീസ് നടത്തി. അനധികൃതമണെന്നറിയാതെ നിരവധി പേർ വലിയ തുക കൊടുത്ത് ഫൈബർ വള്ളത്തിൽ കയറിയെന്നറിയുന്നു.

കൊളാവിപ്പാലത്തും കോട്ടക്കൽ അഴിമുഖത്തും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ഇവിടെയും ഗതാഗത തടസ്സമുണ്ടായി. പുറക്കാട് കെട്ടുമ്മൽ അകലാപ്പുഴയിൽ വൻ ജനക്കൂട്ടമായിരുന്നു. നാളിതുവരെ ഉണ്ടാവാത്തയത്രയും തിരക്ക്. വാഹനങ്ങൾ വളരെ ദൂരെ നിർത്തിയിട്ട് നടന്നു വരേണ്ടി ആളുകൾക്ക്. മൂന്ന് ബോട്ട് ജട്ടികളുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. പെഡൽ ബോട്ടുകളും ശിക്കാരബോട്ടുകളും വിശ്രമമില്ലാതെ രാത്രി വൈകിയും വെള്ളത്തിലിറങ്ങി. വടകര സാൻ്റ് ബാങ്ക്സിലും, ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിലും തിരക്കേറെയായിരുന്നു.

കോവിഡ് ഭീതിയടങ്ങി, രണ്ടു വർഷത്തിനുശേഷത്തെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയതിൻ്റെ ആവേശവും ആഹ്ലാദവും എല്ലായിടത്തുമുണ്ടായിരുന്നു. വീടിൻ്റെ അകത്തളങ്ങളിലും, കോവിഡ് നിയന്ത്രണങ്ങളും മനസ്സുകളിൽ അടിച്ചേൽപ്പിച്ച അരക്ഷിതബോധത്തിൽ നിന്നുമുള്ള വിടുതലായിരുന്നു വിഷുദിനത്തിൽ കാണാൻ കഴിഞ്ഞത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ഇന്നും തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Discussion about this post