പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം പൊയിൽ താഴ വയലിൽ നിർമാണ പ്രവൃത്തികൾ തുടരുന്നു. വയലുകളും തണ്ണീർതടങ്ങളും നികത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്ന് ഇരിങ്ങൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ചാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. തിങ്കളാഴ്ചയും മൂന്ന് പേരടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ടോയ്ലറ്റിന് തറയൊരുക്കി.
ദേശീയപാത നിർമാണ ചുമതലയേറ്റെടുത്ത വഗാഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് പൊയിൽ താഴ വയൽ നികത്തിയത്. പരിസ്ഥിതിവാദികളൊക്കെ ഉറക്കം നടിച്ചപ്പോൾ പയ്യോളി വാർത്തകൾ അത് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മാർച്ച് 9 ന് ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
അതേ സമയം, സ്ഥല ഉടമ വില്ലേജ് അധികൃതരുമായി ബന്ധപ്പെട്ട് നികത്തിയ മണൽ തിരിച്ചെടുക്കാമെന്നും രണ്ടു ദിവസം സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ നികത്തിയ മണൽ നീക്കം ചെയ്തില്ലെന്ന് മാത്രമല്ല, സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ട് നിർമാണ പ്രവൃത്തി തുടരുകയാണ് ഉടമ ചെയ്തത്.
വയൽ, തണ്ണീർതടങ്ങൾ, ചതുപ്പ് തുടങ്ങിയ പ്രകൃതിദത്തമായ ജലസ്രോതസ്സുകൾ നികത്തപ്പെടുന്നത് നിരവധി പാരിസ്തിഥിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നുള്ള റിപ്പോർട്ടുകളെല്ലാം തള്ളിയാണ് സമീപകാലത്തെ വ്യാപകമായ നികത്തൽ നടക്കുന്നത്. ദേശീയപാതാ നിർമാണത്തിൻ്റെ ഭാഗമായി ഒഴിവാക്കപ്പെടുന്ന മണലും മറ്റ് മാലിന്യങ്ങളുമുപയോഗിച്ചാണ് ഇത്തരം വ്യാപകമായ നികത്തലുകൾ, ദേശീയപാതയുടെ സമീപത്തും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. നടപടിയെടുക്കേണ്ടവർ, പലപ്പോഴും മൗനം പാലിക്കുകയും ചെയ്യുന്നതോടെ ജല സ്രോതസ്സുകൾ പലതും ഇന്ന് ഓർമയായി മാറിയിരിക്കുകയാണ്.
Discussion about this post