ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ ഉയര്‍ന്ന വിലയില്‍ മാറ്റമില്ല. ഒരു മാസത്തിലധികമായി തക്കാളിയുടെ വില 100 രൂപക്ക് മുകളിൽ തന്നെ തുടരുകയാണ്. പച്ചക്കറി വില പിടിച്ചുനിർത്താനാവാത്ത വിധം കുതിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില 180 രൂപയായി. ഇഞ്ചി കിലോയ്ക്ക് 280-ആണ് വില. ബീൻസിനും വില 100 കടന്നു. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഹിമാചൽ പ്രദേശിൽ പെയ്യുന്ന മഴ കാരണം കാബേജ്, കോളിഫ്ലവർ, കുക്കുമ്പർ, ഇലക്കറികൾ തുടങ്ങിയ പച്ചക്കറികൾക്കും വില കൂടാൻ സാധ്യതയുണ്ട്.
മെയ് മാസം ആദ്യം ബെംഗളുരുവിൽ തക്കാളിയ്ക്ക് 15 രൂപയായിരുന്നു വില. ജൂൺ പകുതിയോടെ വില 40 മുതൽ 50 രൂപയായി ഉയർന്നു. ദിവസങ്ങൾ കൊണ്ടാണ് വില കുതിച്ചുയർന്നത്. കടുത്ത ചൂടും കാലവർഷം വൈകിയെത്തിയതും തക്കാളിയുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.
തക്കാളി ഉത്പാദനം കുറഞ്ഞതോടെയാണ് വില കൂടിയത്. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ദില്ലിയിൽ വിലക്കയറ്റമുണ്ടായതെന്നാണ് എകണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. വില കൂടിയതോടെ ആളുകൾ വാങ്ങുന്ന പച്ചക്കറിയുടെ ആളവ് കുറച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. തക്കാളിയുടേതടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post