വീരവഞ്ചേരി: മേലടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ വീരവഞ്ചേരി എൽപി സ്കൂളിന്റെ ശത വാർഷികാഘോഷം 8 ന് ഞായറാഴ്ച തുടക്കമാവും. എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷത വഹിക്കും.
സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം നാരായണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ, വടകര ഡി ഇ ഒ സി കെ വാസു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ, വാർഡ് മെമ്പർ വി കെ രവീന്ദ്രൻ, മേലടി എ ഇ ഒ പി ഗോവിന്ദൻ പ്രസംഗിക്കും.
തുടർന്ന് എൽ എസ് എസ് വിജയികൾക്കുള്ള സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും നടക്കും. രാവിലെ 10 മണി മുതൽ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, കൂടാതെ രാത്രി 7. 30 മുതൽ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ അരങ്ങേറും. കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഏകപാത്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘അച്ഛൻ എന്ന അച്ചുതണ്ട് ‘എന്ന നാടകവും അരങ്ങേറും. ശതവാർഷികാഘോഷ പരിപാടികൾ മെയ് മാസത്തിൽ ആരംഭിച്ച് നവംബർ വരെ നീണ്ടുനിൽക്കും.
ആഘോഷപരിപാടികളുടെ ഭാഗമായി, തുടർന്നുവരുന്ന മാസങ്ങളിൽ വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, കലാപരിപാടികൾ എന്നിവ നടക്കും. നവംബർ അവസാനവാരം ദ്വിദിന സമാപന പരിപാടിയുമുണ്ടാകും.
പി ടി എ പ്രസിഡണ്ട് ജിനേഷ് പുതിയോട്ടിൽ (ചെയർമാൻ) പ്രധാനാധ്യാപിക ഗീതാ കെ കുതിരോടി (ജനറൽ കൺവീനർ), ഡോ. യു ശ്രീധരൻ (ട്രഷറർ) എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ശത വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Discussion about this post