തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടെന്നും ഇനിയും രോഗികളുടെ എണ്ണം കൂടാമെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതൽ വ്യാപനം നടക്കുന്നത്. കിടത്തി ചികിത്സ നടത്തേണ്ടവരുടെയും ഓക്‌സിജൻ , ഐസിയു, വെന്റിലേറ്റർ സഹായം വേണ്ടവരുടെയും എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 57ശതമാനം ഐ സി യുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോൾ ഉപയോഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാ മെഡിക്കൽ കോളേജുകളിലും കൺട്രോൾ റൂം തുറക്കും. അതേസമയം, ആരോഗ്യപ്രവർത്തകരിലെ കൊവിഡ് വ്യാപനം വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.
ജീവനക്കാരുടെ കുറവ് നികത്താനായി 4917 പേരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി താത്കാലികമായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം, അതിന്റെ ഭാഗമായാണ് തീയേറ്ററുകളും ജിമ്മുകളും താത്‌കാലികമായി അടയ്‌ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post