കണ്ണൂർ: സംസ്ഥാനത്ത് പൗരൻമാർക്ക് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ ജയിലുകളിലെ കൊലയാളികളും ഗുണ്ടകളും പുറത്താണ്. അന്താരാഷ്ട്ര തീവ്രവാദികൾ ചെയ്യുന്നതിനപ്പുറം ആണ് രാഷ്ട്രീയ കൊലപാതകങ്ങൾ. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണ്ണൂർ പട്ടുവത്ത് പറഞ്ഞു. കണ്ണൂർ പട്ടുവത്ത് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഷുഹൈബ് ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻറെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ എന്തു സംഭവിച്ചാലും മുഖ്യമന്ത്രി പറയുന്നത് ഒറ്റപ്പെട്ട സംഭവം ആണെന്നാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്ക് തന്നെ ഏറ്റവും വലിയ തമാശ. കേരളത്തിൽ ഗുണ്ടാ വിളയാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ടി പി കേസിലെ പ്രതികൾ പരോളിൽ ഇറങ്ങി പല കേസുകളിലും പ്രതിയായി. എന്നാൽ അവരുടെ പരോൾ റദ്ദാക്കാൻ സർക്കാർ തയ്യാറായില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ജീവ കാരുണ്യ പ്രവർത്തനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് യുവതലമുറയ്ക്ക് കാണിച്ച് കൊടുത്ത വ്യക്തിയായിരുന്നു ഷുഹൈബ്. ഷുഹൈബിൻറെ കൊലയാളികൾക്ക് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സിപിഎം ആണ്. കേരളത്തിൽഎന്തുമാകാം എന്ന സ്ഥിതിയാണുള്ളത്. സി പി എമ്മിൽ ഏകാധിപത്യമാണ് നടക്കുന്നത്. സി പി എമ്മിൽ എതിർശബ്ദം അടിച്ചമർത്തുന്നതായും വിഡി സതീശൻ കുറ്റെപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി പ്രസംഗിച്ചു. പട്ടുവത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷ നേതാവ് ആദരിച്ചു.
Discussion about this post