പാലക്കാട്: കണ്ണൂർ സർവ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിധി സർക്കാരിന് തിരിച്ചടി എന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വിസി പോസ്റ്റ്. പുനർനിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിൽ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ട്.
സെർച്ച് കമ്മിറ്റി പ്രകാരം ആളെ കണ്ടെത്തേണ്ടതുണ്ടെന്ന ചോദ്യത്തിന് പുനർ നിയമനത്തിന് ഇത് ആവശ്യമില്ലന്ന് കോടതി അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരമാണെന്നും നിയമപ്രകാരമാണെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
അത് പൂർണമായും സുപ്രിം കോടതിയും ശരിവെക്കുകയാണ്. സുപ്രീം കോടതി മുൻപാകെ നൽകിയ ഹർജിയിൽ ഗവർണർ ഒന്നാം കക്ഷിയായിരുന്നു. ഗവർണറുടേത് വിചിത്രമായ നിലപാടാണ്.
വിസി നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചട്ട വിരുദ്ധമായി അല്ല കണ്ണൂർ വിസി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാൻസലർ നിയമനം നടന്നത് ചട്ടവിരുദ്ധമായാണ് എന്നാണ് പറയുന്നത്. ചാൻസലറെ കുറിച്ചാണ് കോടതിയിൽ പ്രതികൂല പരാമർശമുണ്ടായത്. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ?. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന് ഗവർണർ ഓർക്കണം. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഗോപിനാഥ് രവീന്ദ്രനെ ഇവിടെ നിന്ന് തുരത്തണമെന്ന കാര്യത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ തുറന്നുപറയുന്ന ആളാണ് വിസി. പ്രതിപക്ഷം ഇക്കാര്യത്തിൽ ഇത്ര സന്തോഷിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
Discussion about this post