തിരുവനന്തപുരം : വയനാട്ടിൽ വച്ച് കഴിഞ്ഞ വർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ സർക്കാർ പുനരധിവസിപ്പിച്ചു. ഇതിൻ്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ഇതിന് പുറമേ പദ്ധതിയുടെ ഭാഗമായി ലൈഫിൽ പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീടും നിർമ്മിച്ച് നൽകും. വീട് ശരിയാകുന്നത് വരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി നൽകി. സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈഫന്റും മറ്റ് ജീവനോപാധികളും നൽകാൻ വയനാട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തിരുന്നു.
ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് നടപടി
വയനാട് പുൽപ്പള്ളിക്കടുത്ത അമരക്കുന്നി എന്ന സ്ഥലത്ത് ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘാംഗങ്ങളുടെ സ്വാധീനത്തിൽ സംഘടനയുടെ ഭാഗമായി. ദീർഘകാലത്തെ മാവോയിസ്റ്റ് സംഘടനയിലെ പ്രവർത്തനത്തെത്തുടർന്ന് അതിന്റെ അർഥശൂന്യത ലിജേഷിന് മനസ്സിലായി.തുടർന്ന് സർക്കാരിന്റെ മാവോയിസ്റ്റ് സറണ്ടർ പോളിസിയെപ്പറ്റി അറിയുകയും കഴിഞ്ഞവർഷം ഒക്ടോബർ 25ന് വയനാട് ജില്ലാ പൊലീസ് മേധാവി മുൻപാകെ കീഴടങ്ങുകയുമായിരുന്നു.സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് മടങ്ങുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്റ്റൈഫന്റും ജീവനോപാധികളും നൽകാനായി 2018ലാണ് സംസ്ഥാന സർക്കാർ പാക്കേജ് തയ്യാറാക്കിയത്.കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കും.താല്പര്യമുള്ള മാവോയിസ്റ്റുകൾക്ക് ജില്ലാ പോലീസ് മേധാവിമാരെയോ ഏതെങ്കിലും സർക്കാർ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാവുന്നതാണ്
Discussion about this post