വയനാട്: കാനഡക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മീനങ്ങാടി സ്വദേശിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയടുത്ത 4 പ്രതികളെ വയനാട് സൈബർ ക്രൈം പോലീസ് പഞ്ചാബ് ഇന്ത്യ പാക്ക് അതിർത്തി ഗ്രാമമായ അറ്റാരയിൽ നിന്നും അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ രാജനീഷ് (35), ചരഞ്ജീറ്റ് കുമാർ (38), പഞ്ചാബ് സിർകാപുർ സ്വാദേശികളായ ഇന്ദ്രപ്രീത് സിംഗ്, കപിൽ ഗർഗ് (26) എന്നിവരെയാണ് വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി കെ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഓൺലൈൻ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികൾ കാനഡക്ക് വിസ നൽകാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഫീസ് ഇനങ്ങളിലെന്ന് പറഞ്ഞ് 15 ലക്ഷത്തോളം രൂപ വാങ്ങുകയും തുടർന്ന് വിസ നൽകാതെ വീണ്ടു പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ, കബളിപ്പിക്കലാണെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ കേസ് ഫയൽ ചെയ്യുകയാണ് ഉണ്ടായത്. അന്വേഷണത്തിന്‍റെ ഭാഗമായി പഞ്ചാബിൽ എത്തിയ അന്വേഷണ സംഘം പത്യാലയിലെ പ്രതികളുടെ ഓഫീസ് മേൽവിലാസത്തിൽ അന്വേഷിച്ചതിൽ മേൽ വിലാസം വ്യാജമാണ് എന്ന് കണ്ടെത്തി. തുടർന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ 5-ാം പ്രതിയെ ബാധിണ്ട ഗ്രാമത്തിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചന പ്രകാരം ഈ തട്ടിപ്പിലെ യഥാർത്ഥ സൂത്രധാരന്മാർ 300 കിലോമീറ്റർ അപ്പുറത്തുള്ള സിരാക്പുർ എന്ന സ്ഥലത്തു ഉള്ളതായി മനസിലാക്കിയ അനേഷണ സംഘം അവിടെയത്തി അന്വേഷിച്ചതിൽ ഒരു മാളിൽ നിന്ന് മറ്റു പ്രതികളെ കണ്ടെത്തുകയും ചെയ്തു. പോലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികൾ ഒരു കാറിൽ രക്ഷപെടാൻ ശ്രമിക്കവേ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഉള്ള നിരവധി പേരുടെ അടുക്കൽ നിന്നും ഭീമമായ സംഖ്യ പ്രതികൾ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. പ്രതീകളുടെ അടുക്കൽ നിന്നും നിരവധി മൊബൈൽ ഫോൺ, സിം കാർഡ്, എ ടി എം കാർഡുകൾ പിടിച്ചെടുത്തു. നിരവധി മലയാളികളെയും ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് പ്രതികളുടെ വാട്സ്ആപ് മെസ്സേജുകൾ പരിശോധിച്ചതിൽ വ്യക്തമായിട്ടുണ്ട്.
Discussion about this post