കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. രണ്ടാം ജന്മമാണ് കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ലഭിച്ചതെന്നു സുരേഷ് പറഞ്ഞു. കൈകൂപ്പിക്കൊണ്ട് നന്ദി പറഞ്ഞ സുരേഷ് വിതുമ്പിപ്പോയി.
തന്നെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഇടപെട്ട മന്ത്രി വി എൻ വാസവനു വാവ സുരേഷ് നന്ദി പറഞ്ഞു. ലോകത്ത് ആദ്യമായിരിക്കും ഒരു മന്ത്രി സാധാരണക്കാരനു പൈലറ്റ് പോകുന്നതെന്നു സുരേഷ് പറഞ്ഞു. മന്ത്രി ഉൾപ്പെടെയുള്ളവർ ചേർന്നാണ് സുരേഷിനെ വീട്ടിലേക്കു യാത്രയാക്കിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിരവധി ആളുകളാണ് വാവ സുരേഷിനെ കാണാനായി കാത്തുനിന്നത്
സുരേഷ് ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തതിനു പിന്നാലെയാണ് ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് സാധിക്കുന്നുണ്ട്. ചെറിയരീതിയിലുള്ള ശരീരവേദന മാത്രമാണുള്ളത്.
മൂർഖന്റെ കടിയേറ്റ വലതുകാലിന്റെ തുടയിലെ മുറിവ് അൽപ്പം കൂടി ഉണങ്ങാനുണ്ട്. ഇതിന് ആന്റിബയോട്ടിക് മരുന്നുണ്ട്. പലതവണ തന്നെ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിഷം കൂടുതല്‍ ശരീരത്തില്‍ കയറിയതായി മനസിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. സാധാരണഗതിയില്‍ 25 കുപ്പി ആന്റി വെനമാണ് നല്‍കാറുള്ളതെങ്കില്‍ ഇപ്രാവശ്യം അത് 50 ന് മുകളിലായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. സുരേഷിന്റെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കും. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടര്‍ന്ന അദ്ദേഹത്തെ വ്യാഴാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.
Discussion about this post