ആലപ്പുഴ: ബൈക്കിൽ ഒളിച്ച മൂർഖനെ പിടികൂടി വാവ സുരേഷ്. വീട്ടുകാരെ അഞ്ച് മണിക്കൂറോളം വിറപ്പിച്ച മൂർഖനെ പിടികൂടി വാവ സുരേഷ് ടിന്നിലടച്ചു. പാമ്പുകടിയേറ്റ ശേഷം ചികിത്സ കഴിഞ്ഞ് ഇറങ്ങിയ വാവ സുരേഷിൻ്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്.
ചാരുംമൂട്ടിലെ മുകേഷിൻ്റെ വീട്ടിലായിരുന്നു സംഭവം. വീട്ട് മുറ്റത്ത് നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ ഒന്നിലായിരുന്നു പാമ്പ്. വൈകിട്ട് മൂന്നരയോടെ മുകേഷിൻ്റെ മകൻ അഖിൽ ബൈക്കിൽ കയറുമ്പോഴാണ് പത്തി വിടർത്തിയ പാമ്പിനെ കണ്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി.അതിനിടെ നാട്ടുകാരിൽ ചിലർ വാവ സുരേഷിനെ ഫോണിൽ വിളിച്ചു. ഉടൻ എത്താമെന്ന് വാവ സുരേഷ് ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ തടിച്ചുകൂടി.
രാത്രി എട്ടരയോടെ ചാരുംമൂട്ടിലെ മുകേഷിൻ്റെ വീട്ടിലെത്തി ബൈക്ക് മൂടിയ കവർ നീക്കി ഹാൻഡിൽ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാർ നൽകിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂർഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാർ സ്വീകരണം നൽകി.
Discussion about this post