വർക്കല: ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിനിടയായത് പുകശ്വസിച്ചതു കാരണമാണെന്ന് ഫയർ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥർ പറയുന്നു. പൊള്ളലേറ്റതല്ല മരണകാരണമെന്നും പ്രാഥമിക പരിശോധനയിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീ പടർന്ന് മുക്കാൽ മണിക്കൂറിനുശേഷമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കാനായത്.
വീട്ടിനുള്ളിൽ എളുപ്പത്തിൽ തീ പിടിക്കുന്ന പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
എസി ഉൾപ്പടെ വീട്ടിലെ ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.തീ പർന്നതിനുപിന്നിലെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. ഇതിനൊപ്പം സംഭവത്തെക്കുറിച്ചും അഞ്ചുപേരുടെയും മരണ കാരണത്തെക്കുറിച്ചും വിശദമായ അന്വേഷണവും നടത്തും. റേഞ്ച് ഐ ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ന് പുലർച്ചെയാണ് വർക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. സംഭവത്തിൽ പ്രതാപന് (64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.പ്രതാപന്റെ മൂത്തമകൻ നിഖിലിൽ(29) ഗുരുതരാവസ്ഥയിലാണ്. നിഖിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ.
Discussion about this post