പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് വാളയാര്‍ പീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ എസ്പി എം ജെ സോജനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ് നൽകി. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള മോശം പരാമര്‍ശം നടത്തിയെന്ന കുട്ടികളുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന മട്ടിലായിരുന്നു എം.ജെ സോജന്റെ പ്രതികരണം. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്ന് കുട്ടികളുടെ അമ്മ കോടതിയില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. പരാമര്‍ശത്തില്‍ സോജന്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. സോജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാര്‍ സമരസമിതി ആവശ്യപ്പെടുന്നത്.
പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നായിരുന്നു സോജന്റെ പരാമര്‍ശം. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ. ഈ കേസില്‍ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതില്‍ സംശയമില്ലെന്നും സോജന്‍ പറഞ്ഞിരുന്നു. ഡിവൈഎസ്പിയായിരുന്ന സോജനെതിരെ നടപടിയെടുക്കുന്നതിന് പകരം എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ സാറ ജോസഫ്, റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ, അഡ്വ പി എ പൗരന്‍ തുടങ്ങി മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.
Discussion about this post