വടകര: കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി കൊളാവിപ്പാലം സ്വദേശിയായ യുവാവിന്റെ ആത്മഹത്യാശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറക്കണ്ടി റോഡ് കടുങ്ങോന്റവിട ഷാജിയുടെ വീടിനു നേരെയാണ് അക്രമമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
ഷാജിയുടെ സഹോദരീ ഭര്‍ത്താവ് അയനിക്കാട്കൊളാവിപ്പാലം സ്വദേശി അനില്‍കുമാറാണ് വീടാക്രമിച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. വീടിനു തീ കൊളുത്തിയതിനു പുറമെ മുറ്റത്ത് നിര്‍ത്തിയ കാർ, സ്കൂട്ടർ, മര ഉരുപ്പടികള്‍ക്കും തീയിട്ടു. വീടിന്റെ വാതിലിനും വാഹനങ്ങളുടെ ടയറിനുമാണ് തീപിടിച്ചത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അനില്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നത്തിന്റെ പേരില്‍ മുമ്പും വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വടകര പോലീസില്‍ കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം വന്നതാണ് ഇന്നത്തെ ആക്രമണത്തിനുള്ള പ്രകോപനമെന്നാണ് അറിയുന്നത്.
Discussion about this post