വടകര: ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേർക്ക് രക്ഷകരായി വടകര അഗ്നി രക്ഷാസേന. വടകര ടൗൺഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിലാണ് അഞ്ചു പേർ അകപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12.40 ഓടെയാണ് സംഭവം.
വടകര നാരായണ നഗരം വി എം ജയേഷ്, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരൻ പതിയാരക്കര, ജഗന്നാഥൻ ഇരിങ്ങൽ എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അപ്രതീക്ഷിതമായി ലിഫ്റ്റ് തകരാറായതിനെ തുടർന്ന് ഉള്ളിലകപ്പെട്ടവർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഉടൻ, തകരാറിലായ ലിഫ്റ്റിൽ നിന്നും മുരളീധരൻ, വടകര ഫയർ സ്റ്റേഷനിലേക്ക് വിളിക്കുകയും രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. പവർ ഓഫ് ചെയ്തു ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ മുഴുവനും തുറന്നു രക്ഷാപ്രവർത്തനം സാധ്യമാകാത്തതിനാൽ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഡോർ വിടർത്തി ഓരോരുത്തരെയായി സുരക്ഷിതമായി പുറത്തെത്തിച്ചു. അഞ്ച് പേർ ഒന്നിച്ച് ലിഫ്റ്റിൽ അകപ്പെട്ടതിനാൽ അല്പസമയം കൊണ്ട് തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.
കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും. വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷിൻ്റെ നേതൃത്വത്തിൽ എം ടി റാഷിദ്, മനോജ് കിഴക്കേക്കര, ടി ഷിജേഷ്, പി ടി സിബിഷാൽ, പി എം സഹീർ, എസ് ആർ സാരംഗ്, കെ സന്തോഷ് എന്നിവർ രക്ഷപ്രവർത്തനം നടത്തിയത്.
Discussion about this post