തൃശൂര്‍: ഫൈവ്സ്റ്റാർ ഹോട്ടൽ ആണെന്ന് കരുതി ആളുകൾ സ്കൂളുകളിലേക്ക് കയറിചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
‘‘ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണ്. വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ഒരു കാര്യം വ്യക്തമാക്കുന്നു, എയ്ഡഡ് മേഖലയിലും ഗവൺമെന്റ് മേഖലയിലും പഠിക്കുന്ന വിദ്യാർഥികൾ കേരളത്തിന്റെ മക്കളാണ് എന്ന മനോഭാവമാണ് ഈ സർക്കാരിന്. അണ് എയ്ഡഡ് മേഖലയിൽ എൻഒസി കൊടുക്കുന്നത് വിദ്യാഭ്യാസവകുപ്പാണ്. ശമ്പളം കൊടുക്കുന്നതും മറ്റു കാര്യങ്ങളും നമ്മളല്ല. ഫീസ് നിശ്ചയിക്കുന്നതും മറ്റും അവരാണ്.
വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. അണ് എയ്ഡഡ് മേഖലയിലെ അവസാനിപ്പിച്ച വിദ്യാഭ്യാസ കച്ചവടം വീണ്ടും കൊണ്ടുവരാൻ നിങ്ങൾ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാൽ കർശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളിൽ നിന്ന് പണം പിരിക്കുവാനും അവർക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിനും ഇടയാകരുത് മന്ത്രി കൂട്ടിച്ചേർത്തു.
കേരളം അയ്യായിരം കോടി രൂപയാണ് വിദ്യാലയങ്ങൾക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവർക്കു തോന്നുന്നുണ്ട് ഒന്നുകൂടി സ്കൂളിൽ പോയി പഠിച്ചാലോ എന്ന്. പലരും, കുടുംബശ്രീയുടെ ആൾക്കാർ പോലും സ്കൂളിൽ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണൻ പറയുന്നത്. പലരും റോഡ് സൈഡില്‍ ഇരിക്കുന്ന കെട്ടിടങ്ങൾ കണ്ട് ഇത് ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് തെറ്റിദ്ധരിച്ച് കയറിച്ചെല്ലുന്നു, റൂം ഉണ്ടോയെന്ന് അന്വേഷിച്ച്. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. നമ്മുടെ കുട്ടികൾ ഏതു പരീക്ഷ എഴുതാൻ പോയാലും ഒന്നാം സ്ഥാനത്തെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്’’– മന്ത്രി പറഞ്ഞു.
Discussion about this post