ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രൈനിൽ നിന്നും 20000ത്തിലധികം ആളുകളെ സുരക്ഷിതയമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാൻ സാധിച്ചിചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം തീവണ്ടിയിൽ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുമിയിൽ നിന്നുള്ളവർകൂടി നാട്ടിലെത്തുന്നതോടെ ഓപ്പറേഷൻ ഗംഗ അവസാനിക്കും.
യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർഥികൾ കഷ്ടപ്പെട്ടുവെന്നത് വസ്തുത തന്നെയാണ്. എന്നാൽ അവരുടെയെല്ലാം സുരക്ഷയ്ക്കാണ്
കേന്ദ്രസർക്കാർ ഏറ്റവും പ്രാധാന്യം നൽകിയത്. സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇതാദ്യമായല്ല രാജ്യത്തിന്റെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. മുമ്പ് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ഇതേ സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ ഇന്ത്യയുടെ നയതന്ത്ര ശേഷിയിലൂടെ തിരികെയെത്തിക്കാൻ സാധിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
രക്ഷാദൗത്യത്തിനിടെ പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വിമർശനങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും സുരക്ഷാദൗത്യം ഒരുതരത്തിലുള്ള മാറ്റങ്ങളുമില്ലാതെ കൃത്യമായി മുന്നേറി. യുദ്ധം ശക്തമായതോടെ യുക്രൈനിൽ നിന്ന് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20000ത്തിൽ താഴെയായിരുന്നുവെങ്കിലും 20000ത്തിലധികം പേരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്ത ആരും ഇനി യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. വ്യവസായിക താത്പര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാർ ഇനിയും യുക്രൈനിലുണ്ടാകാം. അവർ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകില്ല.
അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം അവസാനിക്കുമെന്നും തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങൾ അടുത്ത ഘട്ടത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post