തിരുവനന്തപുരം: സമസ്തയുടെ വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ലെന്നും, വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനാവില്ലെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ പുരസ്കാരം നൽകാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തിൽ ന്യായീകരണമായാണ് തങ്ങളുടെ വിശദീകരണം.
‘സംഭവത്തിൽ പെൺകുട്ടിക്കോ ബന്ധുക്കൾക്കോ പരാതിയില്ല. ‘അപമാനിക്കപ്പെട്ടു’ എന്ന പ്രയോഗം തന്നെ തെറ്റാണ്. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ല, വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനുമാവില്ല. വേദിയിൽ വരുന്നതിന് മുമ്പ് അബ്ദുള്ള മുസ്ലിയാർ പെൺകുട്ടിയെ തടഞ്ഞില്ല. അങ്ങനെ തടഞ്ഞെങ്കിൽ അപമാനിച്ചെന്ന് പറയാമായിരുന്നു.
വേദിയിയിലിരിക്കുന്ന ഉസ്താദുമാരെ കണ്ടപ്പോൾ പെൺകുട്ടിക്ക് ലജ്ജ. ഇനി വരുന്ന പെൺകുട്ടികൾക്കും ലജ്ജയുണ്ടാകുമോ എന്ന ആശങ്കയിലാണ് നേതാവ് ശാസിച്ചത്. കാലോചിതമായാണ് സമസ്തയുടെ പ്രവർത്തനം. ബാലാവകാശകമ്മീഷൻ കേസൊക്കെ സ്വാഭാവികം. വേദിയിൽ വരുന്ന സ്ത്രീകളുടെ ലജ്ജ കണക്കാക്കി പറഞ്ഞതാണ്. സമസ്ത മാറണമെന്ന് പുറത്തുള്ളവരല്ല പറയേണ്ടത്.’ – ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
Discussion about this post