
പയ്യോളി: ലഹരിക്കേസുകളിൽ കൊലക്കുറ്റത്തിന് സമാനമായ ശിക്ഷ മാഫിയയ്ക്ക് നൽകണമെന്ന് കെ മുരളീധരൻ എം പി. ഇതിനായി നിയമനിർമാണം നടത്തണം. സംസ്ഥാനത്തിൻ്റെ ശ്രമം മാത്രം മതിയാവില്ല, കേന്ദ്രം കൂടി കനിയണമെന്നും, പാർലമെൻ്റിൽ വിഷയം ഉന്നയിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മനുഷ്യശൃംഖലയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി.
ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളിൽ നിന്ന് തുടങ്ങണം. ലഹരി വിരുദ്ധ മതിലുകൾ മാത്രം പോര,

അടിസ്ഥാന ഘടകം എന്താണെന്ന് മനസ്സിലാക്കി അതിനെതിരെ പ്രവർത്തിക്കണം എങ്കിലേ, ലഹരിയെ പൂർണമായി ഇല്ലായ്മ ചെയ്യാനാവൂ എന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ എം എൽ എ കാനത്തിൽ ജമീല മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയർമാൻ വി ഗോപാലൻ അധ്യക്ഷത വഹിച്ചു. എം ടി വിനോദൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

അസി. എക്സൈസ് കമ്മീഷണർ എ ജെ ബെഞ്ചമിൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ ഹരിപ്രസാദ്, യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ,
നഗരസഭാംഗങ്ങളായ സി ടി ഷൈമ ശ്രീജു, സുരേഷ് ബാബു ചെറിയാവി, കെ സി ബാബുരാജ്, എസി സുനൈദ്, സംഘടനാ പ്രതിനിധികളായ എൻ സി മുസ്തഫ, പടന്നയിൽ പ്രഭാകരൻ, പ്രജിത്ത് ലാൽ, സി പി സദഖത്തുള്ള,

എം പി ഭരതൻ, എം ടി അബ്ദുള്ള, കെ എൻ രത്നാകരൻ, ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി എം ജി സുഭഗൻ, അറബിക് കോളേജ് പ്രിൻസിപ്പൽ കബീർ ഉസ്താദ്, സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാനാധ്യാപിക ഉഷാ റോസ് എന്നിവർ പ്രസംഗിച്ചു. കെ ടി രാജീവൻ സ്വാഗതവും പി ടി വി രാജീവൻ നന്ദിയും പറഞ്ഞു.

മനുഷ്യ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാവിപത്തിൽ നിന്നും പുതുതലമുറയെ മോചിപ്പിക്കുക എന്ന സന്ദേശവുമായി അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം സംഘടിപ്പിച്ച തീരദേശ ലഹരി വിരുദ്ധ മനുഷ്യശൃംഖല ലഹരി മാഫിയയ്ക്കുള്ള താക്കീതായി മാറി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാമുദായിക സന്നദ്ധ സംഘടനകളെ കോർത്തിണക്കിയാണ് ലഹരിക്കെതിരെ മനുഷ്യശൃംഖല സംഘടിപ്പിച്ചത്.

വടകര കോസ്റ്റൽ പോലീസ് അസി. സബ്ബ് ഇൻസ്പെക്ടർ വി വി സജീവൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.
നേരത്തേ, “ലഹരിയും സമൂഹവും” എന്ന വിഷയത്തെ അധികരിച്ച് മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. എം ടിനാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മൂലയിൽ രവീന്ദ്രൻ സ്വാഗതവും സി എൻ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

തുടർന്ന് ലഹരിക്കെതിരെ, പയ്യോളി നഗരസഭാംഗങ്ങൾ അവതരിപ്പിച്ച നാടകം ‘ജീവിതം തന്നെ ലഹരി’ അരങ്ങേറി.












Discussion about this post