കൊച്ചി: അഞ്ചാം റൗണ്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമയുടെ ലീഡ് 15,505 കടന്നു. തൃക്കാക്കരയെ ഹൃദയത്തോട് ചേർത്ത് പിടിച്ച പി ടി തോമസിന്റെ പ്രിയതമയ്ക്ക് മുന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഹൃദയരോഗവിദഗ്ദ്ധൻ ഡോ. ജോ ജോസഫിന് അടി തെറ്റി. മണ്ഡലത്തിൽ പിടി തോമസിന്റെ ഭാര്യയെന്ന നിലയിൽ ആംസ്റ്റർ മെഡിസിറ്റിയിലെ ജീവനക്കാരിയെന്ന നിലയിലും ഉമയ്ക്ക് ലഭിച്ചിരുന്ന ജനസ്വീകാര്യത നിലനിർത്താനായി എന്നാണ് ഇലക്ഷൻ റിസൽട്ട് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും യുഡിഎഫിന്റെ പൊന്നാപുരം കോട്ടയ്ക്ക് ഇളക്കം തട്ടിക്കാനായില്ല. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 21 ടേബിളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 15 വരെ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും, അവസാന റൗണ്ടില്‍ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യു ഡി എഫ്), ഡോ. ജോ ജോസഫ് (എല്‍ ഡി എഫ്), എ.എന്‍.രാധാകൃഷ്ണന് (എന്‍ ഡി എ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.
Discussion about this post