കൊയിലാണ്ടി: റഷ്യൻ സൈനിക നീക്കത്തിന്റെ ഭാഗമായി യുദ്ധം കൊടുംമ്പിരിക്കൊണ്ടിരിക്കെ ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാക്കാൻ, നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും ആവശ്യപ്പെട്ടു.
കാനത്തിൽ ജമീല എം എൽ എ ക്ക് സമർപ്പിച്ച നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ എം എൽ എയുടെ ഓഫീസിലെത്തിയാണ് നിവേദനം സമർപ്പിച്ചത്. യുദ്ധഭൂമിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ എം എൽ എ വീടുകളിൽ പോയി സന്ദർശിക്കുകയും അവരനുഭവിച്ച പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടർ പഠനം സാധ്യമാക്കുക എന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും, സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുവേണ്ടി പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്നും എം എൽ എ ഉറപ്പു നൽകി.
ഓൾ കേരള ഉക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്സ് പാരെന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. കോർഡിനേറ്റർമാരായ ബദരിയ, ജയരാജ്, വിദ്യാർഥികളായ ജിഫ്രിൻ, മുഹമ്മദ് ഫാഹിം, അപർണ , വിൻസി രക്ഷിതാക്കളായ ശബ്ന, ലിൻസി, ജിഷ, ജയശ്രി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Discussion about this post