പയ്യോളി: പുഴ നികത്തുന്നതിനെതിരെ യു ഡി വൈ എഫ് നേതൃത്വത്തിൽ നടത്തിയ സർഗാലയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. കുടിവെള്ള പ്രശ്നവും നിരവധി പാരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമായേക്കാവുന്ന പുഴ നികത്തൽ നിർത്തിവെക്കണമെന്നും, നികത്തിയ മണ്ണ് തിരിച്ചെടുക്കണമെന്നുമാവശ്യപ്പെട്ട്,
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പ് സൊസൈറ്റിയുടെ പുഴ കൈയ്യേറ്റത്തിനെതിരെ’ യു ഡി വൈ എഫ് പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്. കോട്ടക്കൽ ടൗണിൽ നിന്നാരംഭിച്ച മാർച്ച് സർഗാലയ ശില്പകലാ ഗ്രാമത്തിൻ്റെ വടക്കേ പ്രവേശന കവാടത്തിൽ സി ഐയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.
തുടർന്ന് നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ഗേറ്റിലേക്ക് കുതിച്ചതോടെ അവിടെ നിലയുറപ്പിച്ചിരുന്ന പോലീസ് തടയുകയായിരുന്നു. തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. ഉടൻ മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.
മാർച്ചും പ്രതിഷേധ ധർണയും യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. യു ഡി വൈ എഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ സ് കെ സമീർ അധ്യക്ഷത വഹിച്ചു. പ്രവീൺ നടുക്കുടി ആമുഖഭാഷണം നടത്തി. സനൂപ് കോമത്ത്, സി പി സദഖത്തുള്ള, ബഷീർ മേലടി, സദാനന്ദൻ തൊടുവയൽ, എ വി സഖറിയ പ്രസംഗിച്ചു. നിധിൻ പൂഴിയിൽ, സുനൈദ് എസി, സിദ്ദീഖ് കെസി,അശ്വിൻ കെടി, ഹരിരാജ് മഠത്തിൽ നൗഷാദ് ടി പി, മൻസൂർ മൂരാട്, സുഫാദ്, പികെ രഞ്ജിത്ത് ലാൽ, സിദ്ധാർഥ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.




Discussion about this post