കൊച്ചി: വനാതിര്‍ത്തികളില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാണെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഇടുക്കി, വയനാട് മലപ്പുറം ജില്ലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, ചുങ്കത്തറ, പോത്ത്കല്ല്, ചാലിയാര്‍, എടക്കര, വഴിക്കടവ് എന്നീ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലുമാണ് ഹര്‍ത്താല്‍.
ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. വിധി അസ്ഥിരപ്പെടുത്താനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം, ഭൂമി പതിവ് ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണം, നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പാല്, പത്രം, ആശുപത്രി, അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്കാന് പാടില്ലെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര് ഗവായി, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ നീലഗിരി വനങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. നിലവില്‍ ഇഎസ്സെഡ് മേഖലകളില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിര്‍മിതികളെക്കുറിച്ചും സര്‍വേ നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post