ഉദയ്പൂർ: നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ പിന്തുണച്ചതിൻ്റെ പേരിൽ തയ്യൽക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് സൂചന നൽകുന്ന തെളിവുകൾ ലഭിച്ചതായി എൻ ഐ എ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകത്തിലെ പ്രതികളായ റിയാസ് അഖ്‌താരിയ്ക്കും ഘൗസ് മുഹമ്മദിനും നിർദേശങ്ങൾ നൽകിയിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
നബി വിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നും വലിയ രീതിയിൽ ആക്രമണങ്ങൾ നടത്തണമെന്നും ഹൈദറും ഇബ്രാഹിമും പ്രതികൾക്ക് നിർദേശം നൽകിയിരുന്നു.
ആക്രമണങ്ങൾ നടത്തുന്നതിനായി ആർ ഡി എക്‌സ് പോലുള്ള സ്ഫോടകവസ്തുക്കൾ സംഘടിപ്പിക്കാൻ റിയാസും ഘൗസും ശ്രമം നടത്തിയിരുന്നു. ‘വലിയ രീതിയിൽ’ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികളിലൊരാളായ റിയാസ് അഖ്‌താരി തന്റെ ബൈക്കിന് 2611 എന്ന അക്കങ്ങളുള്ള നമ്പർ പ്ളേറ്റ് സ്വന്തമാക്കുന്നതിനായി അയ്യായിരം രൂപ അധികമായി മുടക്കി എന്ന് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
2008ലെ മുംബയ് ഭീകരാക്രമണം നടന്ന തീയതിയാണിത്.കനയ്യലാൽ എന്ന തയ്യൽക്കാരനെ കൊലപ്പെടുത്തിയതിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉദയ്പൂരിൽ നിന്നും 45 കിലോമീറ്റർ അകലെയായി പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികൾ കനയ്യലാലിനെ കൊലപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
Discussion about this post