ന്യൂഡൽഹി: യുക്രെയിനിൽ ഫെബ്രുവരി 24 മുതൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറുകയായിരുന്നു. ആവശ്യമായ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതു കൊണ്ടു തന്നെ എണ്ണവില വർദ്ധിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യുദ്ധത്തിന് തൊട്ടുപിന്നാലെ റഷ്യയ്ക്കെതിരെ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യയ്ക്ക് വലിയ കിഴിവിൽ എണ്ണ നൽകാൻ തയ്യാറായ റഷ്യൻ കമ്പനികളോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചു എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മേയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലിൽ 3 ദശലക്ഷം ബാരൽ റഷ്യയിൽ നിന്നും കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. റഷ്യ യുക്രെയിനെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യത്തെ എണ്ണ ഇടപാടാണ് ഇത്.
റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഈ തീരുമാനമെടുത്തത്. റഷ്യയിൽ നിന്നും വൻ വിലക്കിഴിവിലാവും ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുക. വിലയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ബാരലിന് 20 മുതൽ 25 വരെ ഡോളർ ഡിസ്കൗണ്ട് കിട്ടിയതായി കണക്കാക്കുന്നു. ഇതിന് പുറമേ അബുദാബിയിൽ നിന്നും രണ്ട് ദശലക്ഷം ബാരൽ, നൈജീരിയ, കാമറൂൺ എന്നിവിടങ്ങളിൽ നിന്നും ഒരു ദശലക്ഷം ബാരൽ വീതവും ഐ ഒ സി വാങ്ങിയിട്ടുണ്ട്.
യുക്രെയിൻ റഷ്യ യുദ്ധത്തെ തുടർന്ന് എണ്ണവില ആഗോള തലത്തിൽ കുത്തനെ ഉയർന്നിരുന്നു. ക്രൂഡ് വില ബാരലിന് 130 ഡോളർ വരെ എത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഒന്നായി റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം ശക്തമാക്കിയാൽ എണ്ണവില ബാരലിന് 200 ഡോളർ വരെ എത്തിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ഉയർന്ന വില രാജ്യത്തിന്റെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിപ്പിക്കാനും, പണപ്പെരുപ്പം വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ 22 രൂപ വരെ പെട്രോളിന് ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. എന്നാൽ ഇപ്പോൾ മുന്നിലുള്ള വെല്ലുവിളി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിന് കഴിയും.
ഇന്ത്യയ്ക്ക് വലിയ കിഴിവിൽ എണ്ണ നൽകാൻ തയ്യാറായി നിൽക്കുകയാണ് റഷ്യൻ കമ്പനികൾ. ഇന്ത്യയ്ക്ക് 27 ശതമാനം വരെ വിലക്കിഴിവാണ് റഷ്യൻ എണ്ണക്കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള റോസ്നെഫെറ്റാണ് കൂടുതൽ ഇളവ് വാഗ്ദ്ധാനം ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ഉപരോധങ്ങളാൽ വ്യാപാരം നടത്താനാവാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയമാണ് റഷ്യയെ ഇന്ത്യയോട് അടുപ്പിക്കുന്നത്. പതിനാല് വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന വില എണ്ണയ്ക്കുള്ളപ്പോൾ റഷ്യൻ കമ്പനികൾ നീട്ടുന്ന ഓഫർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആകർഷകമാണ്. യുക്രെയിനിലെ റഷ്യയുടെ ആക്രമണത്തെ അപലപിക്കാത്ത ഇന്ത്യൻ നിലപാടിൽ പാശ്ചാത്യ രാജ്യങ്ങൾക്കടക്കം വിരോധമുണ്ട്. നിലവിൽ ഇന്ത്യയിലേക്കുള്ള ആയുധങ്ങളും വളവും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് റഷ്യ.
Discussion about this post