കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ വില്പനയ്ക്കായി കൊണ്ടുവരികയായിരുന്ന അതിമാരക രാസലഹരി എം ഡി എം എ യുമായി രണ്ട് പേരെ പിടികൂടി.
മലപ്പുറം വാഴയൂർ മാടഞ്ചേരിയിൽ കെ പി മുഹമ്മദ്റാഫി (21), പൊക്കുന്ന് കിണാശ്ശേരി കോലഞ്ചിറയിൽ മുഹമ്മദ് ഇബാൻ (22) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വില്പനക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 78.84 ഗ്രാം എം ഡി എം എ യുമായാണ് യുവാക്കൾ പിടിയിലായത്.
ബംഗളൂരുവിൽ നിന്നും എം ഡി എം എ മൊത്തമായി കൊണ്ട് വന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും, ചില്ലറ വില്പ്പന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
മെഡിക്കൽ കോളേജ്, കുന്ദമംഗലം, മാനാഞ്ചിറ, പാളയം എന്നിവിടങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കും മറ്റും വിൽപന നടത്തുകയും മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതികൾ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പോലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.
സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ അധിക ചുമതലയുള്ള ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് മെഡിക്കൽ കോളേജ് അസി. കമ്മീഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്നാണ് പിടികൂടിയത്. കുന്ദമംഗലം എസ് ഐ എ നിധിൻ ൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ് ഐ മനോജ് എളയേടത്ത്, സുനോജ് കാരയിൽ, പി കെ സരുൺ കുമാർ, കുന്ദമംഗലം സ്റ്റേഷനിലെ എസ് ഐ ഹാഷിഷ്, എസ് സി പി ഒ വിജേഷ്, സി പി ഒ ബിബിൻ പ്രകാശ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post