പയ്യോളി: തിക്കോടി, പാലൂർ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ മൂന്നംഗ കവർച്ചാ സംഘത്തിലെ രണ്ടു പേർ പിടിയിലായി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി കാർത്തിക് (26), തമിഴ്നാട് കടലൂർ സ്വദേശി മാരിയമ്മൻകോവിൽ തെരുവിൽ കാർത്തികേയൻ (27) എന്നിവരാണ് പയ്യോളി പോലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
തിക്കോടി പെരുമാൾ പുരത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഇലക്ട്രിക്, പ്ലംബ്ബിങ് ഫിറ്റിങ്ങ്സുകൾ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇതേ തുടർന്ന്, വീട് നിർമാണം കരാറെടുത്ത എഞ്ചിനീയർ തിക്കോടി കാര്യത്ത് റിഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇവരെ കൂടാതെ, സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്നും ഇയാൾ സംസ്ഥാനം വിട്ടതായാണ് മനസിലാക്കുന്നതെന്നും പോലീസ് പറഞ്ഞു. പ്രതികളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 2.30 ന് നന്തിയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെയാണ് പോലീസിന് കൈമറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമൻ പിടിയിലായത്. പ്രതികൾക്ക് തമിഴ് നാട്ടിലെ തിരുട്ടുഗ്രാമത്തിലെ കുപ്രസിദ്ധരായ കുറുവാ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന പോലീസ് പറഞ്ഞു.
വാഹനവുമായെത്തി പണി തീരാത്ത വീടുകളും ആളില്ലാത്ത വീടുകളും കേന്ദ്രീകരിച്ചുമാണ് ഇവരുടെ കവർച്ച രീതി. നിർക്കിയിട്ട വാഹനങ്ങളുടെ ബാറ്ററിയും മറ്റും മോഷ്ടിക്കും. വീടുകളുടെ തേക്ക് മരത്തിലും മറ്റും നിർമിച്ച വില കൂടിയ വാതിലുകൾ തകർത്ത് ഉപയോഗശൂന്യമാക്കുകയാണ് ഇവർ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പാലൂരിലെ വീട്ടിലും മോഷണം നടന്നിരുന്നു. തിക്കോടി അഴുതുപള്ളിപ്പറമ്പിൽ സുനിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് വിലകൂടിയ ഹാർമോണിയവും കവർന്നാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്.

ചെറിയ കാലയളവിൽ തിക്കോടി, പാലൂർ പ്രദേശങ്ങളിൽ മോഷണം വ്യാപകമായതോടെ നാട്ടുകാർ ഭീതിയിലും ആശങ്കയിലുമായിരുന്നു.പോലീസും നാട്ടുകാരും ചേർന്ന് ജാഗ്രത സമിതിക്ക് രൂപം നൽകി രാത്രികാല നിരന്തര പരിശോധനകൾ നടത്തി വരവേയാണ് മോഷ്ടാക്കൾ പിടിയിലായത്.
പയ്യോളി പോലീസ് എസ് എച്ച് ഒ പി ജിതേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആർ സി ബിജു, കെ പ്രകാശ്, സ്ക്വാഡ് അംഗങ്ങളായ വിജീഷ്, പി റഫീഖ്, രജീഷ് ചെമ്മേരി, സുബിൻ കുമാർ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



































Discussion about this post