കോഴിക്കോട്: ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ വിധിക്കപ്പെട്ട മലബാറിൽ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. തിരക്കേറിയ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ നിന്നു നാഗർകോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്സ്പ്രസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ 2 വിദ്യാർഥിനികളാണു കുഴഞ്ഞുവീണത്.
വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയിൽ നിർത്തിയിട്ട സമയത്താണ് ഒരാൾ കുഴഞ്ഞുവീണത്. മറ്റൊരാൾ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും എത്തിയപ്പോഴാണ്.
ഇരുവരെയും സഹയാത്രക്കാർ ശുശ്രൂഷ നൽകിയാണ് കോഴിക്കോട്ടെത്തിച്ചത്. അര മണിക്കൂറോളം പിടിച്ചിട്ട പരശുറാം എക്സ്പ്രസ്സാവട്ടെ ഒടുവിൽ കോഴിക്കോട്ടെത്തുമ്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു.
Discussion about this post