തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ച 48 മണിക്കുര്‍ പണിമുടക്ക് നാളെയും ചൊവ്വാഴ്ചയും കേരളത്തെ സ്തംഭിപ്പിക്കും. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പൊതു പണിമുടക്ക് ഇന്ന് അർധ രാത്രി 12ന് ആരംഭിച്ച് 29ന് രാത്രിയോടെ അവസാനിക്കും. ബി എം എസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു നേതൃത്വം നല്‍കുന്നത്.
സ്വകാര്യ വാഹനങ്ങളും റോഡിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യര്ഥനയുള്ളതിനാല് നിരത്തുകൾ ശൂന്യമാകും. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ കെ എസ് ആര് ടി സി ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടില്ല. ആശുപത്രി, ആംബുലന്‍സുകള്‍, പത്രം, പാല്, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ പോലെ അവശ്യ സര്‍വീസുകള്‍ ഉണ്ടാകും.
വ്യാപാരവാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും. വ്യവസായ വാണിജ്യ മേഖല നിശ്ചലമാകും. കര്‍ഷക സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര, സംസ്ഥാന സര്‍വിസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബി എസ് എന്‍ എല്‍, എല്‍ ഐ സി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരെല്ലാം പണിമുടക്കില്‍ പങ്കു ചേരുന്നതിനാല്‍ ഓഫിസുകളുടെ പ്രവര്‍ത്തനവും പൂര്‍ണമായും സ്തംഭിക്കും.
വ്യോമയാന മേഖലയിലെ തൊഴിലാളികളുടെയും റെയ്ൽ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആ മേഖലയിലും പണിമുടക്ക് ബാധിക്കും. എങ്കിലും ട്രെയ്ൻ, വ്യോമ ഗതാഗതം തടസപ്പെടില്ല. അതേസമയം, 48 മണിക്കൂര്‍ ജനജീവിതത്തെ ബന്ദിയാക്കിയുളള പൊതുപണിമുടക്കില്‍ സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖല കടുത്ത ആശങ്ക രേഖപ്പെടുത്തി. വിനോദ സഞ്ചാര മേഖലയിലടക്കം വ്യവസായ മേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അടക്കം കണക്കുകൂട്ടുന്നത്.
കൊവിഡ് തിരിച്ചടിയില്‍ നിന്ന് കരകയറാനുളള തത്രപ്പാടിനിടെയാണ് പണിമുടക്ക് കൂടി വരുന്നത്. രണ്ടു ദിവസം സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.
Discussion about this post