നന്തി ബസാർ: നന്തി മേൽപാലത്തിൽ തുടർച്ചയായി രണ്ടു വാഹനങ്ങൾ പണിമുടക്കിയതിനെ തുടർന്ന് ദേശീയ പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെയാരംഭിച്ച ഗതാഗത കുരുക്കിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അല്പമെങ്കിലും അയവുണ്ടായത്. പയ്യോളിയിൽ നിന്നുമെത്തിയ ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ചു.
വടകര ഭാഗത്തേക്ക് ചരക്കുമായി പോവുകയായിരുന്ന പിക്ക് അപ്പ് ലോറി പാലത്തിന് മുകളിലെത്തിയതോടെ ടയർ പൊട്ടി നിന്നതോടെ ഗതാഗത കുരുക്ക് ദൃശ്യമായി. തുടർന്ന് ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ലോറിയുടെ ടയർ മാറ്റി യാത്ര തുടർന്നത്.
പിന്നാലെയെത്തിയ മറ്റൊരു പിക്ക് അപ്പ് ലോറിയും ടയർ പൊട്ടി പാലത്തിലായി. ഇതോടെ വീണ്ടും ഗതാഗതം സ്തംഭിച്ചു. രണ്ടാമത്തെ പിക്ക് അപ്പ് ലോറിയുടെ ടയർ 12 മണിയോടെയാണ് മാറ്റിയിടാൻ കഴിഞ്ഞത്.
അതേ സമയം, ഈ രണ്ടു വാഹനങ്ങളിലും മാറിയിടാനുള്ള പകരം ടയറുകൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതാണ്, മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിന് കാരണമായത്. ഇതോടൊപ്പം ദേശീയ പാത വികസന നിർമാണ ജോലികളും സ്തംഭനത്തിന് ആക്കം കൂട്ടി.
രാവിലെ തുടങ്ങിയ ഗതാഗത സ്തംഭനം നിരവധി പേരെയാണ് ബുദ്ധിമുട്ടിച്ചത്.
വിദ്യാർഥികൾ, വിവിധ ഉദ്യോഗസ്ഥർ, മറ്റ് തൊഴിലാളികൾ തുടങ്ങി, കൃത്യസമയത്ത് എത്തേണ്ടവരെല്ലാം തന്നെ ഏറെ വൈകിയാണ് ഇതുവഴി കടന്നു പോയത്. നന്തി മുതൽ തിക്കോടി വരെയും കൊയിലാണ്ടി ഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രാവിലെ മുതൽ രൂപപ്പെട്ടത്.
Discussion about this post