ആലപ്പുഴ: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ രണ്ടുപ്രതികള്‍ക്കും ജാമ്യം. കാര്‍ത്തികപ്പള്ളി വിഷ്ണുഭവനത്തില്‍ വിഷ്ണു(29) പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ്(30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞദിവസമാണ് ഇരുവരെയും ഹരിപ്പാട് പോലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ രണ്ടാം തീയതി വൈകിട്ട് ദേശീയപാതയിലെ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയില്‍നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ മടങ്ങുകയായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈയും തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു.

മദ്യലഹരിയിലായിരുന്നു പ്രതികള്‍ യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പിടിച്ചുനിര്‍ത്തി മര്‍ദിച്ച ശേഷം ബീഫ് ഫ്രൈ കൈക്കലാക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ വിഷ്ണു നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഹരിപ്പാട്, കരിയിലക്കുളങ്ങര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും അക്രമം നടത്തിയശേഷം എറണാകുളത്തേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു.

ADVERTISEMENT




































Discussion about this post