വാഴപ്പഴം ഒരു സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്നു. വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. പലരും വാഴപ്പഴം ഫേസ് പായ്ക്കായും ഹെയർ മാസ്‌കായും ഉപയോഗിക്കുന്നു. വാഴപ്പഴം മുടിക്കും ചർമ്മത്തിനും ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ദിവസവും പഴം കഴിക്കുന്നത് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും വർദ്ധിപ്പിക്കും. വാഴപ്പഴത്തിൽ സമ്പന്നമായ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ചർമ്മത്തെ കൂടുതൽ മനോഹരമാക്കുന്നതിന് ചർമ്മ കോശങ്ങളെ നേരിട്ട് ബാധിക്കുന്ന വിവിധ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
വാഴപ്പഴത്തിൽ പൊട്ടാസ്യം, മാംഗനീസ് എന്നിവ ധാരാളമായി കാണപ്പെടുന്നു. ഇത് ചർമ്മത്തെ മൃദുവും ആരോഗ്യകരവുമാക്കുന്നതിന് സഹായിക്കുന്നു. മനുഷ്യന്റെ ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കാൻ മാംഗനീസ് സഹായിക്കുന്നു. ചർമ്മകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മത്തെ മൃദുവാക്കാനും മുഖത്തെ വാർദ്ധക്യത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളിലേക്കുള്ള ഓക്സിജനും രക്തവും ഒരുപോലെ നിലനിർത്താൻ സഹായിക്കുന്നു. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നു. പൊട്ടാസ്യം ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാൻ ആദ്യം പകുതി വാഴപ്പഴം പേസ്റ്റ് എടുക്കുക. ഇനി ഇതിലേയ്ക്ക് അര സ്പൂൺ കടലമാവും രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയുക.മറ്റൊന്ന് പകുതി വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
Discussion about this post