കൊച്ചി: മർദനത്തെ തുടർന്ന് തൃക്കാക്കരയിൽ പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളെജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്.
കുട്ടിയുടെ ശരീരത്തിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിനെ ഇന്ന് എംആർഐ സ്കാനിങ് വിധേയമാക്കിയേക്കും. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന് പരുക്ക് പറ്റിയത് മർദ്ദനത്തിലൂടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നത്. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ ശരീരത്തിലെ പരുക്കിന്റെ ചിത്രങ്ങൾ ആശുപത്രി അധികൃതർ പൊലീസിന് അയച്ചുനൽകുകയായിരുന്നു. തുടർന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മർദനമേറ്റെന്ന വിവരം ലഭിക്കുന്നത്.
കുട്ടിയെ മർദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധുകൂടിയായ ആളാണ് മർദനത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Discussion about this post