തൃശൂർ: മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ജ്യേഷ്ഠനെ അനുണ്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയം. മൃതദേഹം മറവ് ചെയ്യാൻ കേസിലെ പ്രതിയായ സാബു ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളുടെ ഫോൺ കോൾ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും.
റിമാൻ്റിലുള്ള സാബുവിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം മാത്രം കേസിലെ രണ്ടാം പ്രതിയായ മാതാവിനെ അറസ്റ്റ് ചെയ്താൽ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. മൃതദേഹം മറവുചെയ്യാൻ അമ്മ സാഹായിച്ചെന്ന് പ്രതി മൊഴി നൽകിയിരുന്നു.
മാർച്ച് 16ന് രാത്രിയാണ് സാബുവിന്റെ സഹോദരൻ ബാബു കൊല്ലപ്പെട്ടത്.കഴുത്ത് ഞെരിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്നാണ് സാബു പൊലീസിന് മൊഴി നൽകിയത്. എന്നാൽ ബാബുവിന്റെ ശരീരത്തിൽ പരിക്കുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കും.
വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു പ്രതി മൃതദേഹം കുഴിച്ചിട്ടത്. മാർച്ച് 22ന് പശുവിനെ തീറ്റാൻ പോയ നാട്ടുകാരൻ ബണ്ടിലെ മണ്ണ് ഇളകി കിടക്കുന്നതും ഒരു ഭാഗം തെരുവു നായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു. പിറ്റേദിവസം രാവിലെ ഇതേസ്ഥലത്ത് എത്തിയപ്പോൾ മണ്ണ് പഴയപടി തന്നെ കിടക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post