കൊയിലാണ്ടി: സംഗീതമായിരുന്നു ജീവിതം. അതും ജനങ്ങളോട് നേരിട്ട് സംവദിച്ച് ജനകീയ കലയായി വളർന്ന്, കലയെന്നതിലുപരി സമരായുധമായി ഉയർന്ന നാടകമെന്ന മാധ്യമത്തിലെ നിറ സംഗീത സാന്നിധ്യം. അനുവാചകനുമായി നേരിട്ട് സംവദിക്കുന്ന നാടക പിന്നണി ഗായിക. നാടകഗാനാലാപന രംഗത്ത് തൻ്റേതായ ഇടം അടയാളപ്പെടുത്തിയാണ് ചന്ദ്രിക കടന്നു പോയത്. കഴിഞ്ഞ ദിവസം അന്തരിച്ച കൊല്ലം സ്വദേശിയും അനുഗ്രഹീത ഗായികയുമായ പി വി ചന്ദ്രികയെന്ന കലാകാരിക്ക് ശ്രദ്ധാഞ്ജലിയുമായി ആദ്യകാല കലാകന്മാരെത്തി.
ചന്ദ്രികയോടൊപ്പം പ്രവർത്തിച്ചിരുന്ന പ്രൊഫ. കാവുംവട്ടം വാസുദേവൻ (റിട്ട. പ്രൊഫസർ, മ്യൂസിക് കോളേജ് തിരുവനന്തപുരം), റിട്ട. ഡി ഡി ഇ പി ടി ഉണ്ണികൃഷ്ണൻ, റിട്ട. ബി ഡി ഒ കൊടക്കാട്ട് കുട്ടികൃഷ്ണൻ, കെ എം ബാലകൃഷ്ണൻ, കെ പി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രദ്ധാഞ്ജലിയർപ്പിച്ചത്.
വിരലുകളിലെണ്ണി തീർക്കാൻ കഴിയാത്തത്ര സമിതികളിൽ ഈ കലാകാരിയുടെ ശബ്ദ സൗകുമാര്യം അത്ഭുതങ്ങൾ തീർത്തിട്ടുണ്ട്.
നാടകം അവസാനിച്ചാലും, അതിലെ ഗാനങ്ങൾ പെയ്തൊഴിയാതെ ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ച് കൊണ്ടേയിരിക്കുന്ന ‘ഇന്ദ്രജാലം’ ചന്ദ്രികയ്ക്ക് സ്വന്തമായിരുന്നു. ഡെമോക്രാറ്റിക് തിയേറ്റേഴ്സ് കൊയിലാണ്ടി, കൊല്ലം സി കെ ജി ആർട്സ് ക്ലബ്, ശിവശക്തി ആർട്സ് കുറുവങ്ങാട്, പി വി കെ എം കൊയി ലാണ്ടി, അപ്സര, സൈമ ചെങ്ങോട്ടു കാവ്, വി ഡി കെ എസ് വിയ്യൂർ, വിയ്യൂർ ആർ ടി എൻ കലാസമിതി തുടങ്ങിയ സമിതികളുടെ നിരവധി നാടകങ്ങളിൽ ചന്ദ്രിക പിന്നണി പാടിയിട്ടുണ്ട്. 1970 -കളിൽ വിയ്യൂർ ആർ ടി എൻ കലാസമിതിയുടെ ഗാനമേള ട്രൂപ്പിലെ സ്ഥിരം ഗായികയും ഗാനരംഗത്ത് നിറസാന്നിധ്യവുമായിരുന്നു ചന്ദ്രികയെന്ന്
പഴയ കലാകാരന്മാർ സ്മരിക്കുന്നു.
ഇതോടൊപ്പം, അനേകം നൃത്തനാടക ങ്ങൾ, കഥാപ്രസംഗങ്ങൾ എന്നിവയ്ക്കും അവർ പിന്നണി പാടിയിട്ടുണ്ട്. 1974 -ൽ നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാവ തുടങ്ങിയവർ അഭിനയിച്ചതും, സംസ്ഥാന അവാർഡ് നേടിയതുമായ ‘തത്വമസി’ എന്ന നാടകത്തിൽ ചന്ദ്രികയായിരുന്നു പിന്നണി പാടിയത്. കൊയിലാണ്ടിയിലെ പ്രശസ്ത സംഗീതജ്ഞനായിരുന്ന നാരായണൻ ഭാഗവതരുടെ ശിക്ഷണത്തിൽ ആണ് ചന്ദ്രിക സംഗീതം അഭ്യസിച്ചത്. പൂക്കാട് കലാലയം ഡയറക്ടറും പ്രശസ്ത തബല, മൃദംഗം വാദകനുമായ ശിവദാസ് ചേമഞ്ചേരിയുടെ പ്രോത്സാഹനവും പ്രശസ്ത സംഗീതജ്ഞൻ മലബാർ സുകുമാരൻ ഭാഗവതരുടെ ശിക്ഷണവും ചന്ദ്രികയ്ക്ക് ലഭിച്ചിരുന്നു.
കോഴിക്കോട് പപ്പൻ, രഘു എന്നീ സംഗീത പ്രവർത്തകരുടെ ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും മതിയായ അംഗീകാരം ലഭിക്കാതെ പോയി. എങ്കിലും പൊതു പ്രവർത്തകനായ ആര്യാടൻ ഷൗക്കത്ത് പൊന്നാട അണിയിച്ച് ചന്ദ്രികയെ ആദരിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് ലളിത ഗാനത്തിന് ജില്ലയിൽ ഒന്നാം സ്ഥാനവും, 1968 -ൽ കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. പൊതു പ്രവർത്തകനും കൊയിലാണ്ടി നഗരസഭാ മുൻ കൗൺസിലറുമായ നടേരി ഭാസ്കരന്റെ സഹധർമിണിയാണ് ചന്ദ്രിക. നാടക സംഗീത ലോകത്ത് തീരാനഷ്ടം തന്നെയാണ് ചന്ദ്രികയെന്ന സംഗീതജ്ഞയുടെ വിയോഗം. ആ ആലാപന മാധുരി കാലമെത്ര കഴിഞ്ഞാലും വേറിട്ട് തന്നെ നില്ക്കും, കാലത്തിനതീതമായി.
Discussion about this post