
പയ്യോളി: പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ്റെ സാഹിത്യരചനയുടെ അമ്പതാണ്ട് തികയുകയാണ്. ഈ അവസരത്തിൽ ജന്മനാടായ തച്ചൻകുന്ന് അദ്ദേഹത്തെ ആദരിക്കുന്നു. ജൂൺ 21 ന് ചൊവ്വാഴ്ച നാല് മണിക്ക് തച്ചൻ കുന്നിൽ വെച്ച് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീക്ക് അധ്യക്ഷത വഹിക്കും. കവി പി കെ ഗോപി മുഖ്യാതിഥിയായിരിക്കും. മുൻ എൽ എൽ എ കെ ദാസൻ, യു കെ യുടെ ‘ഏകാകിയുടെ അക്ഷര യാത്ര’യുടെ പ്രകാശനവും രമേശ് കാവിൽ ‘കഥ 2020’ ൻ്റെ പ്രകാശനവും നിർവഹിക്കും. രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

എഴുത്തിൻ്റെ അമ്പതാണ്ട് പൂർത്തിയാക്കുന്ന യു കെ കുമാരൻ്റേതായി ഇക്കാലയളവിൽ 80 കൃതികളാണ് പ്രസിദ്ധീകൃതമായത്. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ 35 ലധികം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ സർവകലാശകളിലും ഇദ്ദേഹത്തിൻ്റെ കൃതികൾ പാഠ പുസ്തകങ്ങളായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി പത്താം ക്ലാസിൽ ഓരോ വിളിയും കാത്ത് എന്ന കഥ മലയാള പാഠപുസ്തകത്തിലുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, കേരള പ്രസ്സ് അക്കാദമി വൈസ് ചെയർമാൻ, ടെലഫോൺ ഉപദേശക സമിതി അംഗം എന്നീ നിലകളിലും വീക്ഷണം, കേരളകൗമുദി പത്രങ്ങളിലും യു കെ പ്രവർത്തിച്ചു.

സമാദരണ സമ്മേളനത്തിനു ശേഷം യു കെ യുടെ ‘തക്ഷൻ കുന്ന് സ്വരൂപ’മെന്ന നോവലിനെ ആസ്പദമാക്കി കെ വി ശശികുമാർ സംവിധാനം ചെയ്ത നാടകം, അബ്ദുറഹിമാനും അമർനാഥും എന്ന കഥയെ ആസ്പദമാക്കി ജ്വാല ലതേഷ് അവതരിപ്പിക്കുന്ന കഥാപ്രസംഗവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ എം എ വിജയൻ, മാതാണ്ടി അശോകൻ, തോട്ടത്തിൽ ചന്ദ്രൻ, എം വി ബാബു എന്നിവർ പങ്കെടുത്തു.


Discussion about this post