
പയ്യോളി: ഒറ്റമഴ കൊണ്ട് തന്നെ ദേശീയ പാത ചളിക്കുളമായി മാറി. റോഡിൽ വെള്ളക്കെട്ടായതോടെ അപകടങ്ങളും വർദ്ധിച്ചു. ഗതാഗത തടസ്സവും രൂക്ഷമായി. ഇരുചക്രവാഹനങ്ങളെ കണക്കിലെടുക്കാതെ അമിത വേഗതയിൽ പായുന്ന വലിയ വാഹനങ്ങൾ യാത്രികരെ ചെളിയഭിഷേകം നടത്തി രസിക്കുന്നു. ഇന്ന് വൈകുന്നേരം പെയ്ത മഴയാണ് റോഡ് ചെളിക്കുളമാക്കിയത്.

ചളിയും വെള്ളക്കെട്ടും നിറഞ്ഞ ദേശീയപാത വീണ്ടും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി മാറി.
പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വി എച്ച് എസ് സ്കൂൾ മുതൽ ഇരിങ്ങൽ വരെയുള്ള ഭാഗമാണ് വെള്ളക്കെട്ടിലായി വാഹന യാത്രികരും കാൽനടയാത്രികരും ഒരുപോലെ ദുരിതത്തിലായത്.

അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിന് സമീപം, കളരിപ്പടി, ഇരിങ്ങൽ, തിക്കോടി പെരുമാൾപുരം തുടങ്ങിയയിടങ്ങളിലാണ് ദേശീയപാതയിൽ വൻകുഴികൾ രൂപപ്പെട്ട് തകർന്നിരിക്കുന്നത്. ഇന്ന് വൈകീട്ട് അല്പസമയം മാത്രം പെയ്ത മഴയിലാണ് റോഡിൽ വെള്ളം കയറിയത്.


റോഡ് വികസന പ്രവർത്തി കാരണം വെള്ളം ഒഴുകിപ്പോവാൻ വഴിയില്ലാത്തത് കാരണമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. വെള്ളം ദിവസങ്ങളോളം കെട്ടി നിൽക്കുമ്പോൾ ടാറിംങ് അടർന്ന് കുഴികളായി മാറുന്നതാണ് ദുരിതം വർദ്ധിക്കാൻ കാരണം.

വെള്ളക്കെട്ട് കാരണം റോഡിൽ രൂപപ്പെട്ട വൻകുഴികൾ കാണാതെയാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം വഴി മാറിപ്പോകുന്നത്. റോഡ് വികസനം നടക്കുന്നതിനാൽ പാതയുടെ ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട്, പെട്ടെന്ന് കുഴി കാണുന്ന വാഹനങ്ങൾക്ക് അപകടമൊഴിവാക്കാൻ റോഡരുകിലേക്ക് ഇറക്കാൻ സാധ്യവുമല്ല.

ഇരുചക്രവാഹനങ്ങളാണ് ഇവിടെ കൂടുതലായി അപകടത്തിൽപ്പെടുന്നത്.
ചളിയിൽ വഴുതി നിരവധി ഇരുചക്രവാഹന യാത്രികർക്കാണ് ഇന്ന് മാത്രം പരിക്കേറ്റത്. ഇരുചക്രവാഹന യാത്രികരെ ചെളിവെള്ളം തെറിപ്പിച്ച് അപകടത്തിലേക്ക് തള്ളിവിടുകയാണ് ബസ്സുകളും, ലോറികളും പോലുള്ള വാഹനങ്ങൾ.

വീഡിയോ കാണാം…

Discussion about this post