ഇരിങ്ങൽ: ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം വാഹനങ്ങൾ കടന്നു പോവുമ്പോൾ പൊടി പറന്നുണ്ടാകുന്ന ഗുരുതരാവസ്ഥക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മൂരാട് ഓയിൽമില്ലിൽ നിൽപ്പുസമരം നടത്തി.
നിരന്തരമായി ഉദ്യോഗസ്ഥരോടും കരാർ കമ്പനി പ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാവുന്ന പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. രോഗാവസ്ഥക്കു കാരണമാവുന്ന നിലവിലെ അവസ്ഥക്ക് അറുതി വരുത്തിയില്ലെങ്കിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വ്യാപാരി വ്യവസായി ഭാരവാഹികൾ പറഞ്ഞു.
കെ വി വി വി എസ് മൂരാട് യൂണിറ്റ് പ്രസിഡൻ്റ് ബാബു മുല്ലക്കുളം സമരം ഉദ്ഘാടനം ചെയ്തു. രാജൻ കാട്ടുകുറ്റിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാകൗൺസിൽ അംഗം കെ വി സതീശൻ, യൂണിറ്റ് സെക്രട്ടറി സാജിദ് കൈരളി, വൈസ് പ്രസിഡന്റ് സഫ ഇബ്രാഹിം പ്രസംഗിച്ചു.
Discussion about this post