ചെന്നൈ: ഗതാഗത നിയമ ലംഘനത്തിന് തമിഴ് നടൻ വിജയ്ക്ക് പിഴ. വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കുടിക്കാഴ്ച നടത്തി മടങ്ങവെ ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ രണ്ടിലധികം സ്ഥലങ്ങളിൽ സിഗ്നൽ പാലിക്കാത്തതിനാണ് കേസ്. 500 രൂപയാണ് പിഴത്തുക. രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് ആരാധക സംഘടനയിലെ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്.
പനൈയൂരിലെ ഗസ്റ്റ് ഹൗസിൽ വച്ചു നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം കാറിലാണ് വിജയ് മടങ്ങിയത്. ആരാധകർ പിന്നാലെ കൂടിയതോടെ അവരെ മറികടക്കാൻ ചുവന്ന സിഗ്നൽ രണ്ടിലധികം സ്ഥലങ്ങളിൽ തെറ്റിക്കുകയായിരുന്നു. താരത്തിന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. സിഗ്നലുകളിൽ കാർ നിർത്താതെ പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് വിജയ്ക്ക് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.
ആരാധക കൂട്ടായ്മ വിജയ് മക്കൾ ഇയക്കത്തിലെ 234 നിയോജക മണ്ഡലങ്ങളിലെയും ഭാരവാഹികൾ ഇന്നലെ ചെന്നൈയിൽ എത്തിയിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുമെന്നും 2026ലെ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയായി വിജയ് രംഗത്തെത്തുമെന്നുമാണ് സൂചന. വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുമെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തീരുമാനമെന്നും റിപ്പോർട്ട് ഉണ്ട്. 2024ൽ ദീപാവലി റിലീസായി പുറത്തിറങ്ങാനിരിക്കുന്ന വെങ്കട്ട് പ്രഭു ചിത്രം ‘ദളപതി 68’ന് ശേഷം താരം ഇടവേളയെടുക്കുമെന്നാണ് വിവരം. വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് വിജയ് മക്കൾ ഇയക്കം.
Discussion about this post