തുറയൂർ: ചെറിയ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് തുറയൂർ സമത കലാസമിതി സംഘടിപ്പിച്ച ഈദ് നൈറ്റ് ഉദ്ഘാടനച്ചടങ്ങ് വേറിട്ട അനുഭവമായി.
മനുഷ്യമനസ്സുകളിൽ കാലുഷ്യവും അനാദരവും അടിച്ചേൽപ്പിക്കപ്പെടുന്ന കാലിക ലോകത്ത് പരസ്പര സ്നേഹത്തിൻ്റെയും ബഹുമാനത്തിൻ്റെയും പ്രതീകമായിമാറി ഉദ്ഘാടന ചടങ്ങ്. നാട്ടുകാരും മുതിർന്ന പൗരന്മാരുമായ ചക്കോത്ത് പടിക്കൽ ഹസ്സനും കേളോത്ത് താഴ കണ്ണനും കേക്ക് മുറിച്ച് പരസ്പരം നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
തുടർന്ന്, ഫോട്ടോഗ്രാഫി രംഗത്ത് തുറയൂരിൽ 4 പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ പ്രശസ്ത ഫോട്ടോ ഗ്രാഫർ പിടി രാമകൃഷ്ണനെ (ഇമേജ് സ്റ്റുഡിയോ) ആദരിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്തംഗം കെ ടി സജിത ഉപഹാരം നൽകി.
തുറയൂർ ജെംസ് സ്കൂളിൽ നടന്ന ചടങ്ങിൽ സമത കലാസമിതി പ്രസിഡണ്ട് കെ ടി രതീഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, സമത കലാസമിതി സ്ഥാപക അംഗം ഗംഗൻ കൊടക്കാട് പ്രസംഗിച്ചു. സെക്രട്ടറി കെ എം സന്ദീപ് സ്വാഗതവും ടി എം രാജൻ നന്ദിയും പറഞ്ഞു.
പ്രശസ്ത കലാകാരൻ സിറാജ് തുറയൂരിന്റെ നേതൃത്വത്തിൽ മിമിക്സ് പരേഡും ഗാനമേളയും, കൊയിലാണ്ടി കെ കെ ജി ഗ്രൂപ്പിന്റെ കോൽക്കളി, സമതയുടെ കലാകാരികൾ അവതരിപ്പിച്ച ഒപ്പന, മജീഷ്യൻ സനീഷ് വടകര അവതരിപ്പിച്ച മാജിക്ക് ഷോ എന്നിവ അരങ്ങേറി.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post