തുറയൂർ: വെട്ടിമാറ്റിയ കൈതച്ചെടികൾ പഞ്ചായത്ത് തന്നെ നട്ടുപിടിപ്പിച്ചു കേസിൽ നിന്നും തലയൂരാനുള്ള ശ്രമം. കുലുപ്പ – ചിറ്റടി തോടിൻ്റെ ഒഴുക്കു സുഗമമാക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവ് മറയാക്കി തുറയൂർ ഗ്രാമപഞ്ചായത്ത് അധികൃതർ തോടിനിരുവശത്തേയും കൈതച്ചെടികൾ യന്ത്രസഹായത്തോടെ വെട്ടിമാറ്റിയിരുന്നു. ഇതിനെതിരെ ചിറ്റടി കുനി വീട്ടിൽ സി കെ ബാലൻ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനെയും സമീപിക്കുകയായിരുന്നു. ഇതിൻ്റെ അവസാന വിധി 24 ന് വരുന്നതിന് മുമ്പേ തന്നെ ചെടികൾ, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നട്ടുപിടിപ്പിച്ച് കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് പഞ്ചായത്തധികൃതർ.
2020 മെയ് 15, 16 തിയ്യതികളിലാണ് ചിറ്റടി തോടിൻ്റെ ഇരുവശങ്ങളിലെയും കൈതച്ചെടികൾ പഞ്ചായത്തധികൃതരും സ്വകാര്യ വ്യക്തികളും ചേർന്ന് വെട്ടിമാറ്റിയതെന്ന് ഓംബുഡ്സ്മാന് നൽകിയ പരാതിയിൽ ബാലേട്ടൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന സി കെ ബാലൻ പറയുന്നു.
ചിറ്റടിത്തോട്ടിലെ മാലിന്യങ്ങളും എക്കലും കോരിയെടുത്ത് സ്വാഭാവിക ഒഴുക്ക് സുഗമമാക്കാനുള്ള കലക്ടറുടെ ഉത്തരവിൻ്റെ മറപിടിച്ചാണ്, നിരവധി കുടുംബങ്ങളുടെ ജീവിതമാർഗമായ കൈതച്ചെടി നശിപ്പിച്ചതെന്ന് ബാലൻ ആരോപിക്കുന്നു. കൈത വെട്ടിയത് കാരണം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാകുമെന്നും ഓംബുഡ്സ്മാനെ ബോധ്യപ്പെടുത്തി.
കൈത വെട്ടിയ ദിവസം സമുദായ സംഘടനാ നേതാക്കൾ വന്ന് ബഹളം വെച്ച് പോയതല്ലാതെ പിന്നീടാരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും യാതൊരുവിധ സഹായവും നൽകിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കേസിൽ ഉറച്ച് നിന്ന് രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, അന്തിമ വിധി അനുകൂലമാകുമെന്ന് തന്നെയുള്ള വിശ്വാസത്തിലാണ് ബാലൻ
കേസിനിടയ്ക്ക് ബാലനെ നിരുത്സാഹപ്പെടുത്താനും ഭയപ്പെടുത്താനും പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായത്രെ. ഭീഷണിയും പ്രലോഭനവുമൊക്കെ കേസ് പിൻവലിക്കുന്നതിന് വേണ്ടി എതിർകക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടായെന്നും പറയുന്നു.
ഇതൊക്കെ മറികടന്നാണ് ബാലൻ കേസുമായി മുന്നോട്ട് പോയത്. തൊഴിലുറപ്പ് തൊഴിലാളികൾ കൈതച്ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ്, സെക്രട്ടറി, ജനപ്രതിനിധി തുടങ്ങിയവരുടെയും സാന്നിധ്യവുമുണ്ടായിരുന്നു
സന്തോഷിക്കാനുള്ള സമയമായിട്ടില്ലെന്ന് ബാലേട്ടൻ പറയുന്നു. വിധി വരും വരെ കാത്തിരിക്കാം. കേസിന് പോവുമ്പോൾ സമുദായ സംഘടനകളുടെ സഹായം ഉണ്ടാവുമെന്ന് കരുതിയിരുന്നുവെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ചില സുഹൃത്തുക്കളുടെ സഹായത്തോടെ കേസുമായി മുന്നോട്ട് പോവുകയായായിരുന്നു. എൽ ജെ ഡി യുടെ സജീവ പ്രവർത്തകനാണ് ബാലൻ. നിരവധി തവണ സംഘടനകളിൽ ഭാരവാഹിത്വം ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ഒരു തവണ തുറയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നിട്ടുണ്ട്.
കൈതോലയുടെ തണലേറ്റ്, വേരുകളുടെ സ്പർശന മറിഞ്ഞ് ചിറ്റടിപ്പുഴയ്ക്കിനിമദിച്ചൊഴുകാം.
Discussion about this post