തുറയൂർ : റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കി ഗതാഗത സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സി ഐ ടി യു ഒഴികെയുള്ള ഓട്ടോ തൊഴിലാളി സംഘടനകൾ തുറയൂരിൽ പണിമുടക്കി. സി ഐ ടി യു സർവീസ് നടത്തി. ഇത് വാക്തർക്കവും സംഘർഷവുമുളവാക്കി. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. റോഡുകളുടെ
അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും, ഈ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളുടെ ഉപകരണങ്ങൾക്ക് തകരാർ സംഭവിച്ച് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നുവെന്നും ആരോപിച്ച് ആയിരുന്നു പണിമുടക്ക്. ഇത് സംബന്ധിച്ച്, ഒക്ടോബറിൽ കോ -ഓർഡിനേഷൻ കമ്മിറ്റി നൽകിയ നിവേദനത്തിന് ഉടൻ പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ
പല തവണ മാറ്റിപ്പറയുകയായിരുന്നുവെന്ന് പണിമുടക്കിയ തൊഴിലാളികൾ ആരോപിക്കുന്നു. തുടർന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തതെന്ന് സമര നേതാക്കൾ പറയുന്നു. ഇതോടെ രാഷ്ട്രീയ വിധേയത്വം കാണിച്ച് സി ഐ ടി യു കഴിഞ്ഞ ദിവസം സമരത്തിൽ നിന്നും
പിന്മാറുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. പിന്നീട് എച്ച് എം എസ്, എസ് ടി യു, ബി എം എസ് സംഘടനകൾ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. പണിമുടക്ക് തുടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. നൂറ്റമ്പതോളം പേർ സംഘടിച്ചെത്തി പണി മുടക്കിയ ഡ്രൈവർമാരെ കൈയ്യേറ്റം ചെയ്തുവെന്നും ഉടൻ പോലീസ് എത്തി
മാറ്റുകയായിരുന്നുവെന്നും ആക്രമണത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും കോ – ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി റസാഖ്, ഒടിയിൽ രാഘവൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, സമരാനുകൂലികൾ ഓട്ടോ സ്റ്റാൻ്റിൽ, ഓട്ടോറിക്ഷയിട്ട് സമരത്തിലില്ലാത്തവരെ തടഞ്ഞതാണ് വാക്തർക്കത്തിന് കാരണമായതെന്ന് സി ഐ ടി യു പ്രവർത്തകർ പറഞ്ഞു. പയ്യോളി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു.
Discussion about this post