കൊച്ചി: മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് സ്ഥാനാർഥിത്വത്തോട് പ്രതികരിച്ച് ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയിൽ തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർഥിത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ബഹുജന സംഘനകളിലെ സജീവ പ്രവർത്തകനാണ് താനെന്നും വളരെ വലിയ വിജയം കേരളത്തിൽ ഇടത്പക്ഷത്തിനുണ്ടായപ്പോൾ അതിന്റെ ഭാഗമാകാൻ കഴിയാത്തതിൽ തൃക്കാക്കരയിലെ ജനങ്ങൾക്ക് പശ്ചാത്തപമുണ്ട്. അത് ഇത്തവണ തൃക്കാക്കരയിലെ ജനങ്ങൾ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ അപ്രതീക്ഷിതമായിരുന്നു സ്ഥാനാർത്ഥിത്വം. ഇന്ന് രാവിലേയാണ് ആലോചന നടക്കുന്നതായി അറിഞ്ഞത്. ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് പ്രഖാപനം വന്നതെന്നും ജോ ജോസഫ് പറഞ്ഞു.
തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാർട്ടി മെഡിക്കൽ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാർട്ടി പരിപാടികളിൽ സജീവമായി പ്രവർത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടർ ജോ ജോസഫ് പറഞ്ഞു
Discussion about this post