കൊച്ചി: തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ പ്രവര്‍ത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല. തൃക്കാക്കരയില്‍ ജയം അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ബൂത്ത് സെക്രട്ടറിമാര്‍ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്നും ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. താഴേത്തട്ടിലെ യോഗങ്ങളില്‍ പങ്കെടുത്ത് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്. തൃക്കാക്കരയില്‍ തുടരുന്ന മുഖ്യമന്ത്രി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ തലസ്ഥാനത്തേക്ക് മടങ്ങൂ. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും 60 എംഎല്‍എമാരും മണ്ഡലത്തില്‍ സജീവമാണ്.പ്രതിപക്ഷ നേതാവ് തന്നെയാണ് യുഡിഎഫ് പ്രചാരണ നായകന്. ചിന്തന്‍ ശിബിരം കഴിഞ്ഞ് ഇന്ന് രാത്രി തിരിച്ചെത്തുന്ന വി ഡി സതീശനും നേതാക്കളും നാളെ മുതല്‍ ബൂത്ത് തലത്തിലേക്കിറങ്ങി തൃക്കാക്കരയില്‍ സജീവമാകും.
Discussion about this post